ജോക്കർ തിരിച്ചെത്തി

- Advertisement -

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. അഞ്ച് സെറ്റുകളിൽ ലോക ഒന്നാം നമ്പർ താരമായ സാക്ഷാൽ റാഫേൽ നദാലിനെയാണ് നൊവാക് മറികടന്നത്. (സ്‌കോർ 6-4,3-6,7-6,3-6,10-8)

ഇന്നലെ കളിച്ച 3 സെറ്റുകളിൽ 2 സെറ്റുകൾ നേടിയിരുന്ന സെർബിയൻ താരത്തിന് ഫൈനൽ പ്രവേശനത്തിന് അവശേഷിക്കുന്ന 2 സെറ്റുകളിൽ ഒന്ന് മാത്രം നേടിയാൽ മതിയായിരുന്നു എന്നാൽ നാലാം സെറ്റ് നദാൽ നേടിയതോടെ മത്സരം ടൈബ്രേക്കർ ഇല്ലാത്ത അവസാന സെറ്റിലേക്ക് നീണ്ടു.

ആദ്യം സർവ്വ് ചെയ്യുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുത്ത നൊവാക് 10-8 എന്ന സ്കോറിന് നദാലിൽ നിന്ന് സെറ്റും മത്സരവും സ്വന്തമാക്കി എന്നുവേണം പറയാൻ. 2016 ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്ന നൊവാക് ജോക്കോവിച്ചിനെ കത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ്‌.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 6 മത്സരങ്ങളിൽ ജോക്കോവിച്ച് 5-1 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പുൽകോർട്ടിൽ ഫെഡററെ വീഴിത്തിയ കെവിനെ മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement