മുൻ വിംബിൾഡൺ ഫൈനലിസ്റ്റ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ വീഴ്ത്തി ഇറ്റാലിയൻ യുവതാരം ഫ്ലാവിയോ കൊബോളി വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. 22 സീഡ് ആയ 23 കാരനായ താരത്തിന്റെ ആദ്യ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഇത്. 2 ടൈബ്രേക്കർ കണ്ട മത്സരം നാലു സെറ്റ് നീണ്ടു. ആദ്യ 2 സെറ്റുകളും 6-4, 6-4 എന്ന സ്കോറിന് നേടിയ ഇറ്റാലിയൻ താരത്തിന് എതിരെ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സിലിച് മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.
ക്വാർട്ടർ ഫൈനലിൽ നൊവാക് ജ്യോക്കോവിച് ആണ് ഇറ്റാലിയൻ താരത്തിന്റെ എതിരാളി. അതേസമയം ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയെ വീഴ്ത്തി പത്താം സീഡ് അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടൻ വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം 6-1, 7-6, 7-5 എന്ന സ്കോറിന് തുടർന്നുള്ള മൂന്നു സെറ്റുകൾ നേടിയാണ് ബെൻ ഷെൽട്ടൻ മത്സരം സ്വന്തമാക്കിയത്. കരിയറിലെ നാലാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലും വിംബിൾഡണിലെ ആദ്യ ക്വാർട്ടർ ഫൈനലും ആണ് 22 കാരനായ താരത്തിന് ഇത്.