ലോക ഒന്നാം നമ്പർ ആര്യാന സബലെങ്കയെ ഞെട്ടിച്ചു 23 കാരിയായ അമേരിക്കൻ താരം അമാന്ത അനിസിമോവ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിൽ. 13 സീഡ് ആയ അനിസിമോവ 3 സെറ്റ് പോരാട്ടത്തിൽ ആണ് സബലെങ്കയെ വീഴ്ത്തിയത്. ആദ്യ സെറ്റ് 6-4 നു നേടിയ അനിസിമോവക്ക് എതിരെ രണ്ടാം സെറ്റ് 6-4 നു നേടി സബലെങ്ക തിരിച്ചടിച്ചു എങ്കിലും മൂന്നാം സെറ്റ് 6-4 നു നേടി അനിസിമോവ വിംബിൾഡൺ ഫൈനൽ ഉറപ്പിച്ചു.
കരിയറിൽ ആദ്യമായാണ് അനിസിമോവ ലോക ഒന്നാം നമ്പർ താരത്തിന് എതിരെ ജയിക്കുന്നത്. 19 മത്തെ വയസ്സിൽ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തിയ ശേഷം പരിക്കുകൾ വേട്ടയാടിയ കരിയർ ആയിരുന്നു അനിസിമോവയുടേത്. 2023 ൽ മാനസിക സമ്മർദ്ദം കാരണം ടെന്നീസിൽ നിന്നു ഇടവേള എടുത്ത താരം മാസങ്ങളോളം ടെന്നീസ് റാക്കറ്റ് കൈ കൊണ്ട് തൊട്ടില്ല. തുടർന്ന് അച്ഛന്റെ വിയോഗവും താരത്തെ തളർത്തി. എന്നാൽ അതിൽ നിന്നുള്ള തിരിച്ചു വരവ് ആയി താരത്തിന് ഇത്. സബലെങ്കക്ക് എതിരെ ഒമ്പതാം മത്സരം കളിച്ച അനിസിമോവ ആറാം തവണയാണ് ബലാറസ് താരത്തിന് എതിരെ ജയിക്കുന്നത്.