ടെന്നീസിൽ ഏറ്റവും കഠിനം എന്നറിയപ്പെടുന്ന ഒന്നാണ് ഒരു സീസണിൽ രണ്ടു തികച്ചും വലിയ രീതിയിൽ വ്യത്യാസമുള്ള രണ്ടു സർഫസുകൾ ആയ കളിമണ്ണ്, പുൽ മൈതാനം എന്നിവയിൽ വെച്ചു നടക്കുന്ന ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ നേടുക എന്നത്. ചരിത്രത്തിൽ ഓപ്പൺ യുഗത്തിൽ വെറും 5 പുരുഷ താരങ്ങൾ ആണ് ചാനൽ സ്ലാം എന്നറിയപ്പെടുന്ന ഈ നേട്ടം കൈവരിച്ചവർ. അതും ഇതിഹാസങ്ങൾ ആവുന്ന റോഡ് ലേവർ, ബോൺ ബോർഗ്, റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച് എന്നിവർ ആണ് ആ 5 പേർ. ആ ഇതിഹാസങ്ങളുടെ നിരയിലേക്ക് ആണ് വെറും 21 മത്തെ വയസ്സിൽ കാർലോസ് അൽകാരസ് ഗാർഫിയ എന്ന സ്പാനിഷ് താരം 2024 ൽ പേര് എഴുതി ചേർക്കുന്നത്.
അവിശ്വസനീയം എന്നു പറയാവുന്ന നേട്ടം തന്നെയാണ് ഇത്. ജ്യോക്കോവിച്ചിനെ തുടർച്ചയായ രണ്ടാം ഫൈനലിലും തോൽപ്പിച്ചു കൊണ്ടു വിംബിൾഡൺ കിരീടം നിലനിർത്തുമ്പോൾ വിംബിൾഡൺ കിരീടം നിലനിർത്തുന്ന ആദ്യ സ്പാനിഷ് താരമായും അൽകാരസ് മാറുന്നുണ്ട്. ഈ നൂറ്റാണ്ടിൽ സാക്ഷാൽ റോജർ ഫെഡറർക്കും നൊവാക് ജ്യോക്കോവിച്ചിനും ശേഷം വിംബിൾഡൺ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് അൽകാരസ്. 21 വയസ്സിനുള്ളിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടുന്ന താരവും അൽകാരസ് ആണ്. ഇത് വരെ കളിച്ച നാലു ഗ്രാന്റ് സ്ലാം ഫൈനലിലും ജയം മാത്രം കുറിച്ച അൽകാരസ് ടെന്നീസിലെ ഹാർഡ് കോർട്ട്, കളിമണ്ണ് കോർട്ട്, പുൽ മൈതാനം തുടങ്ങിയ മൂന്നു സർഫസുകളിലും ഗ്രാന്റ് സ്ലാം കിരീടം ഇതിനകം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതിനകം തന്നെ തന്റെ മഹത്വം തെളിയിച്ച അൽകാരസ് വലിയ സാമ്രാജ്യം തന്നെ വിരമിക്കും മുമ്പ് കെട്ടിപൊക്കാൻ ആവും ശ്രമിക്കുക എന്നുറപ്പാണ്.