തുടർച്ചയായ മൂന്നാം വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും ഹാട്രിക് കിരീടവും ലക്ഷ്യം വെക്കുന്ന കാർലോസ് അൽകാരാസ്. സെന്റർ കോർട്ടിൽ ബ്രിട്ടീഷ് താരം കാമറൂൺ നോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരാസ് വീഴ്ത്തിയത്. 13 ഏസുകൾ മത്സരത്തിൽ ഉതിർത്ത അൽകാരാസ് 5 തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു.
അധികം വിയർക്കാതെ 6-2, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു സ്പാനിഷ് താരത്തിന്റെ ക്വാർട്ടർ ഫൈനൽ വിജയം. 2025 ൽ തുടർച്ചയായ 23 മത്തെ മത്സരത്തിൽ ആണ് അൽകാരാസ് വിജയം നേടുന്നത്. വിംബിൾഡണിൽ തുടർച്ചയായ 19 മത്തെ ജയവും ആണ് അൽകാരാസിന് ഇത്. കരിയറിലെ എട്ടാം ഗ്രാന്റ് സ്ലാം സെമിഫൈനൽ കളിക്കുന്ന അൽകാരാസിന് അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സ് ആണ് സെമിയിലെ എതിരാളി. ഹാട്രിക് കിരീടം തന്നെയാണ് അൽകാരാസിന്റെ ലക്ഷ്യം.