തുടർച്ചയായ മൂന്നാം തവണയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരാസ്. 14 സീഡ് ആയ റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് അൽകാരാസ് തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടെങ്കിലും തുടർന്ന് അൽകാരാസ് തന്റെ വിശ്വരൂപം കാണിച്ചു. തികച്ചും അവിശ്വസനീയം ആയ വിധം പല പോയിന്റുകളും അൽകാരാസ് നേടുന്നതും മത്സരത്തിൽ കാണാൻ ആയി.
രണ്ടാം സെറ്റ് 6-3 നു നേടിയ അൽകാരാസ് മൂന്നും നാലും സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് ആണ് നേടിയത്. 22 ഏസുകൾ ഉതിർത്ത താരം ഇന്ന് നന്നായി സെർവ് ചെയ്യുന്നതും കണ്ടു. തുടർച്ചയായ 22 മത്തെ വിജയവും വിംബിൾഡണിലെ തുടർച്ചയായ 18 മത്തെ ജയവും ആയിരുന്നു അൽകാരാസിന് ഇത്. ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച മത്സരം കളിച്ച അൽകാരാസ് ഇതോടെ 12 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഉറപ്പിച്ചത്. 46 ഏസുകൾ മത്സരത്തിൽ ഉതിർത്ത ചെക് താരം നിക്കോളാസ് ജാറിയെ നാലര മണിക്കൂർ നീണ്ട 5 സെറ്റ് വരെ എത്തിയ പോരാട്ടത്തിൽ മറികടന്ന ബ്രിട്ടീഷ് താരം കാമറൂൺ നോരിയാണ് ക്വാർട്ടർ ഫൈനലിൽ അൽകാരാസിന്റെ എതിരാളി.