ആരാധകർ ഇല്ലാതെ യു.എസ് ഓപ്പൺ നടത്താൻ സമ്മതം നൽകി ന്യൂയോർക്ക് മേയർ ആൻഡ്രൂ കുഒമോ. ഓഗസ്റ്റിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്രാന്റ് സ്‌ലാമിനു പക്ഷെ സുരക്ഷിതമായി നടക്കാൻ ആവുമോ എന്നു കണ്ടറിയണം. ഒരുപാട് മുൻകരുതലുകൾ എടുത്ത ശേഷം ആവും യു.എസ് ഓപ്പൺ നടത്തുക എന്നാണ് അദ്ദേഹം അറിയിച്ചത്. താരങ്ങൾ എല്ലാവരെയും കോവിഡ് ടെസ്റ്റ് ചെയ്യുക,നിരന്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, ലോക്കർ റൂമുകളുടെ എണ്ണവും താമസ സൗകര്യങ്ങളും വർദ്ധിപ്പിക്കുക എന്നത് ഒക്കെ മുൻകരുതലിന്റെ ഭാഗം ആണ് എന്ന് മേയർ പറഞ്ഞിട്ടുണ്ട്.
മാർച്ചിൽ നിർത്തി വച്ച ശേഷം ഇത് വരെ പ്രൊഫഷണൽ ടെന്നീസ് നടന്നിട്ടില്ല. നിലവിൽ ഓഗസ്റ്റിൽ ടെന്നീസ് തിരിച്ചു കൊണ്ട് വരാൻ ആണ് അധികൃതരുടെ ശ്രമം. കോവിഡ് മൂലം നേരത്തെ തന്നെ വിംബിൾഡൺ റദ്ദാക്കിയപ്പോൾ ഫ്രഞ്ച് ഓപ്പൺ സെപ്റ്റംബറിലേക്ക് മാറ്റി വച്ചിരുന്നു. സുരക്ഷിതമായി ടൂർണമെന്റ് നടത്തുക എന്നത് വലിയ ഉത്തരവാദിത്വം ആണ് എന്ന് പറഞ്ഞ ന്യൂയോർക്ക് മേയർ തങ്ങൾക്ക് ആവുന്ന വിധം സുരക്ഷിതമായി ടൂർണമെന്റ് നടത്തും എന്നറിയിച്ചു. 110 ജോലിക്കാരെ പിരിച്ചു വിടും എന്നു അമേരിക്കൻ ടെന്നീസ് ഫെഡറേഷൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിനു പിറകെ ആണ് മേയർ സ്‌ലാമിനു അനുമതി നൽകിയത്.
എന്നാൽ ജ്യോക്കോവിച്ച്, നദാൽ, ആഷ് ബാർട്ടി, നിക്ക് ക്രഗിയോസ് തുടങ്ങിയ പലരും വലിയ ആശങ്ക യു.എസ് ഓപ്പൺ തുടങ്ങുന്നതിനെ പറ്റി പങ്ക് വച്ചിരുന്നു. എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാൻ ആവണം ടൂർണമെന്റ് എന്നു പറഞ്ഞ നദാൽ നിലവിലെ സാഹചര്യത്തിൽ താൻ അമേരിക്കയിലേക്ക് പോവില്ല എന്നും പറഞ്ഞിരുന്നു. അതേസമയം മുന്നൊരുക്കങ്ങൾ കടുത്തത് ആണെന്ന വിമർശനം ജ്യോക്കോവിച്ച് ഉയർത്തിയപ്പോൾ ഇപ്പോൾ ടൂർണമെന്റ് നടത്തുന്നത് സ്വാർഥത ആണെന്ന് ആണ് ഓസ്‌ട്രേലിയൻ താരം നിക്ക് പറഞ്ഞത്. മേയറിൽ നിന്ന് അനുമതി കിട്ടിയതോടെ അടുത്ത് തന്നെ യു.എസ് ഓപ്പൺ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് അമേരിക്കൻ ടെന്നീസ് ഫെഡറേഷനിൽ നിന്നു ഉടൻ ഉണ്ടായേക്കും.