ഫാസ്റ്റ് & ഫ്യൂരിയസ് ടെന്നീസ്

ടെന്നീസിലെ എക്കാലത്തെയും അത്ഭുതകരമായ ഒരു കളിയാണ് ഇന്ന് ലോകം ന്യൂയോർക്കിൽ കണ്ടത്. അഞ്ചേകാൽ മണിക്കൂറോളം നീണ്ട, യുഎസ് ഓപ്പൺ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ദൈർഘ്യം കൂടിയ, 5 സെറ്റിൽ നിറഞ്ഞ പവർ പാക്ക്ഡ് ടെന്നീസ്.

ആർതർ ആഷേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിന്നു എന്നു പറയാൻ പറ്റില്ല. നദാൽ, ഫെഡറർ, ജോക്കോവിച്ച് തുടങ്ങിയവർ കളിക്കുമ്പോൾ ഉണ്ടാകാറുള്ള തിരക്ക് സ്റ്റേഡിയത്തിന് അകത്തും പുറത്തും കണ്ടില്ല. തന്റെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരം കാർലോസ് അൽക്കറാസും, തന്റെ നാലാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന ഇറ്റലിക്കാരൻ യാനിക്ക് സിന്നറും അങ്ങനെ പേര് കേട്ട കളിക്കാരല്ലല്ലോ. 19കാരനായ അൽക്കറാസ് ഈ കൊല്ലാമാണ് ഗ്രാൻഡ്സ്ലാം കളിച്ചു തുടങ്ങിയത് തന്നെ. 2020ലെ ഒരു ഗ്രാൻഡ്സ്ലാമിന് ശേഷം ഇക്കൊല്ലമാണ് 21കാരനായ സിന്നർ ഗ്രാൻഡ്സ്ലാമിൽ പേര് കേൾപ്പിച്ചത്.

20220908 134739

പക്ഷെ ശുദ്ധ ടെന്നീസിനെ സ്നേഹിക്കുന്നവർക്ക് അറിയാമായിരുന്നു ഇത് രണ്ട് പേർക്കും അത്ര എളുപ്പമാകില്ലെന്നു. അത്ര അത്ലറ്റിക് ഗെയിമാണ് രണ്ടാളുടേതും. കളി തുടങ്ങുന്നതിന് മുൻപ് മുൻതൂക്കം അൽക്കറാസിനായിരുന്നു, ആദ്യ സെറ്റ് ജയിക്കുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു സെറ്റും സിന്നർ പിടിച്ചു. നാലാമത്തെ സെറ്റിൽ സിന്നർ ജയിച്ചു എന്നു കരുതിയതാണ്, പക്ഷെ അൽക്കറാസ് ഒരു ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും ഉണർന്നു കളിച്ചു. ഒരു നിമിഷം പോലും ഇവരുടെ കളിയുടെ വേഗതയും, ആക്രമണ പ്രകൃതവും വിട്ടുപോയിരുന്നില്ല. അതിമാനുഷ പ്രകടനം എന്ന് മാത്രമേ ഈ കളിയെ വിശേഷിപ്പിക്കാൻ സാധിക്കൂ. അവസാന സെറ്റ് അൽക്കറാസ് വിജയിക്കുമ്പോൾ ഫ്ലഷിങ് മെഡോസിൽ സമയം പുലർച്ചെ മൂന്ന് മണി!

പരസ്പരം പോയിന്റ് നേടിയും പിടിച്ചെടുത്തും കളിച്ച ഇവർ ടെന്നീസിന്റെ പ്രശാന്ത സുന്ദരമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി ടെന്നിസിനെ അടക്കി വാണിരുന്ന ത്രയങ്ങൾ തങ്ങളുടെ അവസാന വർഷത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നേരത്തെ തന്നിരുന്നു. ഇനിയും ആ കൂട്ടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിക്കാവുന്നത് നോവാക്കിന്റെ പടയോട്ടമാണ്. ഫെഡറർ ഏതാണ്ട് വിരമിച്ചു കഴിഞ്ഞു, നദാലിന്റെ കളി പലപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഇന്ന് ന്യൂ യോർക്കിൽ കണ്ട കളി ഇനിയുള്ള കാലത്ത് ഇവർക്ക് കളിക്കാൻ പറ്റുന്ന ഒന്നായിരുന്നു എന്നു കരുതാൻ വയ്യ. ഇവരിൽ ആരും ഇപ്പഴും മോശക്കാരല്ല, പക്ഷെ ടെന്നീസിലെ കായിക പ്രാധാന്യം കുറെ കൂടി ഉയർന്നു എന്ന് കാണിക്കുന്ന കളിയാണ് ഇന്നവിടെ നടന്നത്.

2022 ഈ കളിയെ സംബന്ധിച്ചു ഒരു നാഴികക്കല്ലാകും, 2022ന് മുൻപും ശേഷവും എന്ന ഒരു ചർച്ച ഇനിയുള്ള കാലങ്ങളിൽ ഉണ്ടാകും. ടെന്നീസിലെ പൊൻവസന്തം പൊട്ടിവിരിഞ്ഞ വർഷമാണിത്. ഇത്രയധികം ചെറുപ്പക്കാരായ കളിക്കാർ ഗ്രാൻഡ്സ്ലാം കോർട്ടുകളിലേക്ക് ഇങ്ങനെ ഒന്നിച്ചു ഇതിന് മുൻപ് വന്നിട്ടില്ല. വരിക മാത്രമല്ല അവർ ക്വാർട്ടറിലും സെമിയിലും കടക്കുകയും ചെയ്തു.

ഇപ്പോഴത്തെ യുഎസ് ഓപ്പൺ സെമി ലൈനപ്പ് നിങ്ങൾ ഒന്നു നോക്കൂ, ഖാചനോവ് – റൂഡ് & ടിയാഫോ – അൽക്കറാസ്. ഇതേ പോലെ ഫ്രഞ്ച് ഓപ്പണിൽ റൂഡ് റണ്ണർ അപ്പായി, വിമ്പിൾഡണിൽ കിരിയോസ് രണ്ടാമതെത്തി, ഓസ്‌ട്രേലിയൻ ഓപ്പണിൽ മെദ്വദേവ് രണ്ടാമനായി. ഇതിൽ അവസാന രണ്ടു പേരാണ് പ്രായം കൊണ്ട് (26 &27 വയസ്സ്) മുന്നിൽ നിൽക്കുന്നത്.

Img 20220908 Wa0017

ടെന്നീസ് ഒരു സ്പോർട്ട് എന്ന നിലയിൽ മറ്റെല്ലാ കളികളിലും നിന്നു വ്യത്യസ്തമാണ്. ഒരു വ്യക്തിഗത കളി എന്ന നിലയിൽ നാലോ അഞ്ചോ മണിക്കൂർ നീണ്ടു നില്ക്കുന്ന, ഇത്രയും കായിക പ്രാധാന്യമുള്ള മറ്റൊരു കളിയില്ല. അത് കൊണ്ട് തന്നെ ഇവരിൽ ജയിച്ചവർ തോറ്റവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നമുക്ക് ആഘോഷിക്കാം, കാരണം ഈ സുന്ദരകളിയുടെ സുവർണ്ണ കാലഘട്ടമാണ് വരാൻ പോകുന്നതെന്ന് ഓരോ ടെന്നീസ് ആരാധകന്റെയും മനസ്സ് പറയുന്നു.