വനിതകളിൽ യു.എസ് ഓപ്പൺ ഫൈനൽ ലക്ഷ്യമിട്ട് കനേഡിയൻ യുവതാരം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ സെമിഫൈനൽ ചിത്രം തെളിയുമ്പോൾ കഴിഞ്ഞ വർഷം എന്ന പോലെ മത്സരം സെറീന വില്യംസും മറ്റുള്ളവരും തമ്മിലാണ്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന ഇതിഹാസതാരവും തങ്ങളുടെ ആദ്യത്തെ മാത്രം ഗ്രാന്റ്‌ സ്‌ലാം ഫൈനൽ ലക്ഷ്യം വക്കുന്ന മറ്റ് 3 പേരും. എന്നാൽ കഴിഞ്ഞ തവണ നയോമി ഒസാക്ക എന്ന യുവതാരം നൽകിയ ഞെട്ടൽ സെറീനക്കു ഓർമ്മയുള്ളതിനാൽ തന്നെ ആരും ജയിക്കാം എന്നത് തന്നെയാണ് വനിത വിഭാഗത്തിന്റെ ഏറ്റവും വലിയ ഭംഗി. 8 സീഡ് സെറീനക്കു ഉക്രൈന്റെ 5 സീഡ് എലീന സ്വിവിറ്റോലീന എതിരാളിയാവുമ്പോൾ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ ലക്ഷ്യമിടുന്ന രണ്ട് താരങ്ങൾ ആണ് മറ്റെ സെമിയിൽ ഏറ്റുമുട്ടുക.

19 കാരിയായ ബിയാങ്ക ആന്ദ്രീസ്ക്കു ഭാവി സൂപ്പർ സ്റ്റാർ എന്ന പദവി അരക്കിട്ടുറപ്പിക്കാൻ ആവും സെമിഫൈനൽ കളിക്കാൻ ഉറങ്ങുക. 1992 നു ശേഷം ആദ്യമായി യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ എത്തിയ കനേഡിയൻ വനിതയായ ബിയാങ്ക ക്വാട്ടറിൽ ബെൽജിയം താരം എൽസി മേർട്ടൻസിനെയാണ് മറികടന്നത്. 15 സീഡ് ആയ ബിയാങ്ക 25 സീഡ് ആയ മേർട്ടൻസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിന് ശേഷം ആണ് മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ ബെൽജിയം താരം മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം നേടി. എന്നാൽ തിരിച്ചു വന്ന ബിയാങ്ക തന്റെ മികവ് അടുത്ത രണ്ടു സെറ്റുകളിലും പുറത്തെടുത്തപ്പോൾ മത്സരം കനേഡിയൻ യുവതാരം സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും ആയിരുന്നു ബിയാങ്ക നേടിയത്. നാട്ടിൽ നടന്ന റോജേഴ്സ് കപ്പ് ജയിച്ച താരം മികച്ച ആത്മവിശ്വാസത്തോടെയാവും സെമിഫൈനലിൽ ഇറങ്ങുക.

സെമിയിൽ 13 സീഡ് ബെലിന്ത ബെനചിച്ച് ആണ് കനേഡിയൻ താരത്തിന്റെ എതിരാളി. 23 സീഡ് ഡോന വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ബെനചിച്ച് സെമിയിലേക്ക് മുന്നേറിയത്. ഈ കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ ഡോനയോട് ഏറ്റ തോൽവിക്ക് പ്രതികാരം ചെയ്യാനും ഈ ജയത്തോടെ ബെനചിച്ചിനു ആയി. കരിയറിലെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ ലക്ഷ്യം വച്ച് ഇരുതാരങ്ങളും പൊരുതിയപ്പോൾ ആദ്യ സെറ്റ് ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. ടൈബ്രേയ്ക്കറിൽ ജയം കണ്ട ബെനചിച്ച് രണ്ടാം സെറ്റിൽ കൂടുതൽ മികവ് പുലർത്തിയപ്പോൾ 6-3 നു സെറ്റും സെമിഫൈനലിലേക്കുള്ള സ്ഥാനവും ബെനചിച്ച് ഉറപ്പിച്ചു. 13 സീഡും 15 സീഡും തമ്മിലുള്ള സെമിഫൈനൽ ആവേശഭരിതമാവും എന്നുറപ്പാണ്.