യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ അട്ടിമറികൾ തുടരുന്നു. ഒന്നാം സീഡ് പ്ലിസ്കോവക്ക് പിറകെ ഒമ്പതാം സീഡ് ബ്രിട്ടന്റെ യോഹാന കോന്റെ, 10 സീഡ് സ്പാനിഷ് താരം ഗബ്രിൻ മുഗുരുസ എന്നിവരും ടൂർണമെന്റിൽ നിന്ന് പുറത്തായി. സീഡ് ചെയ്യാത്ത 30 വയസ്സുകാരിയായ സൊറന സിർസ്റ്റിയ ആണ് കോന്റെയെ അട്ടിമറിച്ചത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് 6-2 നു നേടിയ ശേഷം ആയിരുന്നു കോന്റെ പരാജയപ്പെട്ടത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സൊറന 6-4 നു മൂന്നാം സെറ്റ് ജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
അതേസമയം സീഡ് ചെയ്യാത്ത സ്വറ്റന പിരോൻകോവയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 10 സീഡ് മുഗുരുസ തോറ്റത്. 7-5, 6-3 എന്ന സ്കോറിന് ആയിരുന്നു മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് പരാജയം വഴങ്ങിയത്. സീഡ് ചെയ്യാത്ത കനേഡിയൻ താരം ആനി ഫെർണാണ്ടസിനെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത രണ്ടാം സീഡ് അമേരിക്കയുടെ സോഫിയ കെനിൻ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി. 15 സീഡ് മരിയ സക്കാരി, 18 സീഡ് ക്രൊയേഷ്യൻ താരം ഡോണ വെകിച്ച്, 20 സീഡ് ചെക് താരം കരോലിന മുച്ചോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.