കാനഡയുടെ 18 കാരിയുടെ മുന്നിൽ നിലവിലെ ജേതാവ് ഒസാക്ക വീണു! ജയം കണ്ടു പ്രമുഖർ!

20210904 092458

യു.എസ് ഓപ്പൺ വനിത വിഭാഗത്തിലും വമ്പൻ അട്ടിമറി. നിലവിലെ ജേതാവും മൂന്നാം സീഡും ആയ ജപ്പാന്റെ നയോമി ഒസാക്കയെ അട്ടിമറിച്ചു കാനഡയുടെ 18 കാരി ലൈയില ആനി ഫെർണാണ്ടസ്. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷമാണ് കരിയറിലെ ഏറ്റവും വലിയ ജയം തിരിച്ചു വന്നു 18 കാരിയായ ഫെർണാണ്ടസ് നേടിയത്. ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയ കനേഡിയൻ താരം ആർതർ ആഷെയിലെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. 6-4 നു മൂന്നാം സെറ്റ് നേടി നാലാം റൗണ്ടിലേക്ക് മുന്നേറിയ ഫെർണാണ്ടസ് സ്വപ്ന ജയം പൂർത്തിയാക്കി. മത്സരത്തിൽ വലിയ തിരിച്ചടി നേരിട്ട ഒസാക്ക ടെന്നീസിൽ നിന്നു കുറച്ച് കാലത്തേക്ക് താൻ വിട്ടു നിൽക്കും എന്നു മത്സര ശേഷം പ്രഖ്യാപിച്ചു. തീർത്തും അപ്രതീക്ഷിതമായിരുന്നു ഫെർണാണ്ടസിന്റെ ജയം. അതേസമയം മറ്റു പ്രമുഖ താരങ്ങൾ നാലാം റൗണ്ടിലേക്ക് മുന്നേറി.

റഷ്യൻ താരവും 25 സീഡുമായ ദാരിയയെ 6-4,6-2 എന്ന സ്കോറിന് വീഴ്ത്തിയാണ് ഉക്രൈൻ താരവും അഞ്ചാം സീഡും ആയ എലീന സ്വിറ്റോലീന നാലാം റൗണ്ടിലേക്ക് മുന്നേറിയത്. റഷ്യക്കാരിയായ കാമിലക്ക് എതിരെ സമാനമായ അനായാസ ജയം ആണ് 8 സീഡ് ചെക് താരം ബാർബറോ ക്രജികോവയും കുറിച്ചത്. അതേസമയം 19 സീഡ് റൈബികാനക്ക് എതിരെ കടുത്ത പോരാട്ടം ആണ് 12 സീഡ് മുൻ ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പ് നേരിട്ടത്. ആദ്യ സെറ്റ് കടുത്ത പോരാട്ടം കണ്ട ടൈബ്രേക്കറിൽ നേടിയ ഹാലപ്പ് രണ്ടാം സെറ്റ് 6-4 നു കൈവിട്ടു എന്നാൽ 6-3 നു അവസാന സെറ്റ് നേടിയ റൊമാനിയൻ താരം പക്ഷെ ജയം കുറിക്കുക ആയിരുന്നു. അതേസമയം പ്രമുഖരുടെ പോരാട്ടത്തിൽ 18 സീഡ് വിക്ടോറിയ അസരങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ വീഴ്ത്തിയത്. സ്‌കോർ: 6-4, 3-6, 6-2. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം 6-2, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി ജയം കണ്ടു 16 സീഡ് കെർബറും മൂന്നാം റൗണ്ടിൽ ജയം കണ്ടു. 20 സീഡ് ഒൻസിനെ 6-3, 7-5 എന്ന സ്കോറിന് വീഴ്ത്തിയ 15 സീഡ് എൽസി മെർട്ടൻസും അവസാന പതിനാറിലേക്ക് മുന്നേറി.

Previous articleസിറ്റിപാസിനെ മൂന്നാം റൗണ്ടിൽ അട്ടിമറിച്ചു 18 കാരൻ! അനായാസം നാലാം റൗണ്ടിലെത്തി മെദ്വദേവ്
Next articleപാരാ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഷൂട്ടിങിൽ സ്വർണവും വെള്ളിയും, 15 മെഡലുകളുമായി ഇന്ത്യൻ കുതിപ്പ്