ചരിത്ര കലണ്ടർ സ്‌ലാം ലക്ഷ്യമിട്ട് ജ്യോക്കോവിച്ച് ന്യൂയോർക്കിൽ തുടങ്ങി

Screenshot 20210901 130503

യു.എസ് ഓപ്പണിൽ ആദ്യ മത്സരത്തിൽ ജയവുമായി നൊവാക് ജ്യോക്കോവിച്ച് തുടങ്ങി. ഈ വർഷത്തിലെ എല്ലാ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് ഹോൾഗർ റൂണിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് വീഴ്ത്തിയത്. ആദ്യ സെറ്റിൽ തന്റെ വിശ്വരൂപം കാണിച്ച ലോക ഒന്നാം നമ്പർ സെറ്റ് 6-1 നു നേടി. എന്നാൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ 18 കാരനായ ഹോൾഗർ ജ്യോക്കോവിച്ചിനെ ഞെട്ടിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-2 നും നാലാം സെറ്റ് 6-1 നും നേടിയ ജ്യോക്കോവിച്ച് മത്സരം അനായാസം സ്വന്തം പേരിലാക്കി. മത്സരത്തിൽ 17 ഏസുകൾ ഉതിർത്ത നൊവാക് 8 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. ചരിത്ര നേട്ടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു ഇത് വളരെ മികച്ച തുടക്കം തന്നെയാണ്.

അതേസമയം 17 സീഡ് ആയ ഫ്രഞ്ച് താരം ഗെൽ മോൻഫിൽസ് അമേരിക്കൻ താരം ഫെഡറിക്കോ കോരിയയെ 6-3, 6-2, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ ആറു തവണയാണ് മോൻഫിൽസ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. മറ്റൊരു മത്സരത്തിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടൈയിലർ ഫ്രിറ്റ്സ് 14 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ അട്ടിമറിച്ചു. നാലു സെറ്റ് പോരാട്ടത്തിൽ ആണ് ഫ്രിറ്റ്സ് ജയം കണ്ടത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ഫ്രിറ്റ്സ് നേടിയപ്പോൾ രണ്ടാം സെറ്റ് 6-2 നു താരം നേടി. എന്നാൽ മൂന്നാം സെറ്റ് 6-1 നു നേടിയ ഡിമിനോർ മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റ് 6-4 നു നേടിയ ഫ്രിറ്റ്സ് അട്ടിമറി പൂർത്തിയാക്കി.

Previous articleഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ജോ റൂട്ട്
Next articleജയത്തോടെ തുടങ്ങി ബിയാങ്കയും ക്വിറ്റോവയും മുച്ചോവ പുറത്ത്