യു.എസ് ഓപ്പണിൽ തന്റെ ഉജ്ജ്വല ഫോം തുടർന്ന് റഷ്യൻ താരവും രണ്ടാം സീഡുമായ ഡാനിൽ മെദ്വദേവ്. 24 സീഡ് ആയ ഡാൻ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത മെദ്വദേവ് 5 തവണയാണ് എതിരാളിയെ മത്സരത്തിൽ ബ്രൈക്ക് ചെയ്തത്. 6-3, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു മെദ്വദേവിന്റെ ജയം. 11 സീഡ് ഡീഗോ ഷ്വാർട്ട്സ്മാനെ അട്ടിമറിച്ച സീഡ് ചെയ്യാത്ത ഡച്ച് താരം ബോട്ടിക് വാൻ ഡെ സാന്തുഷുൽപ് ആണ് ക്വാട്ടറിൽ മെദ്വദേവിന്റെ എതിരാളി.
അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ഡച്ച് താരം അർജന്റീനൻ താരമായ ഷ്വാർട്ട്സ്മാനെ അട്ടിമറിച്ചത്. 117 റാങ്കുകാരനായ ബോട്ടിക് 6-3, 6-4 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകളും നേടി ഷ്വാർട്ട്സ്മാനെ ആദ്യം തന്നെ സമ്മർദത്തിലാക്കി. മൂന്നാം സെറ്റിൽ 4-2 പിന്നിൽ നിന്നു തിരിച്ചു വന്ന ഷ്വാർട്ട്സ്മാൻ നാലാം സെറ്റിൽ 2 മാച്ച് പോയിന്റുകളും രക്ഷിച്ചു. 7-5, 7-5 എന്ന സ്കോറിന് ആണ് ഷ്വാർട്ട്സ്മാൻ മൂന്നും നാലും സെറ്റുകൾ നേടിയത്. എന്നാൽ അഞ്ചാം സെറ്റിൽ സമ്പൂർണ ആധിപത്യം നേടി 6-1 ജയിച്ച ഡച്ച് താരം കരിയറിലെ വലിയ ജയം സ്വന്തം പേരിലാക്കി. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ഡച്ച് താരം 7 തവണ ഷ്വാർട്ട്സ്മാനെ ബ്രൈക്ക് ചെയ്തു. 17 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു ഡച്ച് താരം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.