യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി നിലവിലെ ജേതാവും മൂന്നാം സീഡുമായ ജപ്പാൻ താരം നായോമി ഒസാക്ക. ചെക് റിപ്പബ്ലിക് താരം മേരിയെ 6-4, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക ജയം കണ്ടത്. ഇരു സെറ്റുകളിലായി മൂന്നു തവണയാണ് ഒസാക്ക ബ്രൈക്ക് കണ്ടത്തിയത്. അതേസമയം സെർബിയൻ താരം നിനക്ക് എതിരെ മൂന്നു സെറ്റ് മത്സരമാണ് രണ്ടാം സീഡു അര്യാന സബലങ്ക ജയിച്ചത്. 6-4 നു ആദ്യ സെറ്റ് ജയിച്ച സബലങ്ക രണ്ടാം സെറ്റ് ടൈബ്രേക്കറിൽ തോറ്റു. മൂന്നാം സെറ്റ് 6-0 നു ജയിച്ച സബലങ്ക എതിരാളിക്ക് ഒരവസരവും നൽകിയില്ല. ചെക് റിപ്പബ്ലിക് താരം തെരേസ മാർട്ടിൻകോവയെ 18 സീഡ് ആയ വിക്ടോറിയ അസരങ്ക 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. 5 തവണ മത്സരത്തിൽ ബ്രൈക്ക് കണ്ടത്തിയ അസരങ്ക എതിരാളിക്ക് വലിയ അവസരം ഒന്നും നൽകിയില്ല.
കനേഡിയൻ താരം റബേക്ക മറിനോയെ 6-2, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് അഞ്ചാം സീഡ് ആയ എലീന സ്വിറ്റോലീന വീഴ്ത്തിയത്. അതേസമയം പോളണ്ട് താരം ലിനറ്റെ 21 സീഡ് ആയ യുവ അമേരിക്കൻ സൂപ്പർ സ്റ്റാർ കൊക്കോ ഗോഫിന് മൂന്നു സെറ്റ് പോരാട്ടം നൽകി. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്ന ഗോഫ് 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മത്സരം സ്വന്തമാക്കി. ഓസ്‌ട്രേലിയൻ താരം ആസ്ട്ര ശർമയെ 6-0, 6-4 എന്ന സ്കോറിന് തകർത്തു ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ എട്ടാം സീഡ് ബാർബറ ക്രജികോവായും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 16 സീഡ് ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആഞ്ചലി കെർബർ, 15 സീഡ് എൽസി മെർട്ടൻസ്, 20 സീഡ് ഒൻസ് ജെബർ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.