സെറീനക്കു വീണ്ടും കാത്തിരിപ്പ്, യു.എസ് ഓപ്പൺ കിരീടം നേടി കൗമാരക്കാരി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2018 ലെ യു.എസ് ഓപ്പൺ ഫൈനലിന് ഏതാണ്ട് ആവർത്തനം എന്നു പറയാവുന്ന ഒരു റിസൾട്ട് ആണ് 2019 യു.എസ് ഓപ്പണിലും ഉണ്ടായത്. 2018 ൽ ജപ്പാന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ജേതാവ് ആയി നയോമി ഒസാക്ക മാറുകയും സെറീനയെ ഫൈനലിൽ തോൽപ്പിക്കുകയും ആണ് ഉണ്ടായത് എങ്കിൽ ഇത്തവണ ഊഴം കൗമാരകാരി ബിയാങ്ക ആന്ദ്രീസ്ക്കു എന്ന കനേഡിയൻ യുവതാരത്തിന്റേത് ആയിരുന്നു. സെറീന വില്യംസിനെ അട്ടിമറിച്ച് 19 കാരിയായ ബിയാങ്ക കാനഡയുടെ ചരിത്രത്തിലെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സിംഗിൾസ് ജേതാവ് ആയി. ടെന്നീസിലെ ഭാവി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ ഉറപ്പിക്കുന്ന പ്രകടനം ആണ് ബിയാങ്കയിൽ നിന്നുണ്ടായത്. തന്റെ 24 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടം നേടുന്ന സെറീനയെയും സെറീനക്കായി ആർത്തു വിളിക്കുന്ന കാണികളേയും മറികടന്നാണ് ബിയാങ്ക ഈ നേട്ടത്തിൽ എത്തിയത്. 15 സീഡ് ആയ ബിയാങ്ക മത്സരത്തിൽ ഉടനീളം 8 സീഡ് ആയ സെറീനക്കു മേൽ ആധിപത്യം പുലർത്തി.

ആദ്യ സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ബിയാങ്ക തുടക്കം മുതൽ പുലർത്തിയ ആധിപത്യം നിലനിർത്തിയപ്പോൾ 6-3 സെറ്റ് ബിയാങ്കക്ക് സ്വന്തം. രണ്ടാം സെറ്റിൽ തുടക്കത്തിൽ സെറീനക്കു മേൽ വലിയ ആധിപത്യം നേടുന്ന ബിയാങ്കയെ ആണ് കണ്ടത്. എന്നാൽ സെറീനക്കായി ആർത്തു വിളിച്ച കാണികൾക്ക് മുന്നിൽ 5-1 ൽ നിന്ന് തിരിച്ചു വന്നു സെറീന. മത്സരത്തിൽ ഈ സമയം മാത്രമാണ് കൗമാരക്കാരിക്ക് മേൽ സെറീന ആധിപത്യം നേടിയത്. എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ച ബിയാങ്ക 7-5 നു രണ്ടാം സെറ്റും ചരിത്രവും സ്വന്തം പേരിൽ കുറിച്ചു. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ കളിക്കുന്ന താരത്തിന്റെ സമ്മർദ്ദം ഒന്നും കനേഡിയൻ താരത്തിൽ കണ്ടില്ല. കാനഡയുടെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ജേതാവ് ആയതിനു പിറകെ ആർതർ ആഷേ സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരോട് ക്ഷമ പറഞ്ഞ ബിയാങ്ക ചിരി പടർത്തി.

സെറീന ജയിക്കണം എന്നാഗ്രഹിച്ച ആരാധകരോട് ക്ഷമാപണം നടത്തുക ആയിരുന്നു ബിയാങ്ക. ബിയാങ്കയുടെ ഈ നേട്ടം വനിത ടെന്നീസിലെ സമീപകാലത്തെ സമാനതകളില്ലാത്ത മത്സരച്ചൂട് തന്നെയാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ഓരോ ഗ്രാന്റ്‌ സ്‌ലാമിലും പുതിയ ജേതാക്കളുടെ ഉദയം ആണ് വനിത ടെന്നീസിൽ കാണുന്നത്. അതേസമയം സെറീന വില്യംസിന് ഇത് ഹൃദയഭേദകമായ മറ്റൊരു ഫൈനൽ ആയി. കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിൽ ഒസാക്കക്ക് മുന്നിൽ കീഴടങ്ങിയ സെറീന കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ സിമോണ ഹാലപ്പിന് മുമ്പിലും തോറ്റിരുന്നു. തുടർച്ചയായ രണ്ടാം ഗ്രാന്റ്‌ സ്‌ലാം ഫൈനൽ പരാജയം ഒന്നും സെറീനയെ 24 ഗ്രാന്റ്‌ സ്‌ലാം എന്ന ചരിത്രനേട്ടം തേടുന്നതിൽ നിന്ന് തടയില്ല എന്നുറപ്പാണ്. എന്നാൽ ആ നേട്ടത്തിലേക്ക് സെറീനയുടെ പ്രയാണം ഒരിക്കലും എളുപ്പമാവില്ല എന്ന ശക്തമായ മുന്നറിയിപ്പ് തന്നെയാണ് ബിയാങ്ക അടക്കമുള്ളവർ നൽകുന്നത്.