കോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു

ഫ്രഞ്ച് വനിതാ താരം അലീസെ കോർനെറ്റിന് കോർട്ട് വാർണിങ് കൊടുത്ത സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ ടെന്നീസ് അധികൃതർ മാപ്പ് പറഞ്ഞു. ചൂട് അധികമുള്ള കാരണം രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയ്ക്കുള്ള പത്ത് മിനിറ്റ് ഹീറ്റ് ബ്രേക്കിന് ശേഷം അറിയാതെ വസ്ത്രം തിരിച്ചിട്ട് കളിക്കാൻ ഇറങ്ങിയ അലീസെ അബദ്ധം മനസ്സിലാക്കിയ ശേഷം കോർട്ടിൽ നിന്നുതന്നെ വസ്ത്രം ഊരി ശരിയാക്കി ഇട്ടപ്പോൾ ചെയർ അമ്പയർ താക്കീത് നൽകുകയായിരുന്നു. ഇതാണ് വിവാദത്തിലേക്ക് വഴിവച്ചത്.

കോർട്ടിൽ വസ്ത്രം മാറുന്ന പുരുഷന്മാർക്ക് ഇല്ലാത്ത എന്ത് വാർണിങ് ആണ് സ്ത്രീകൾക്ക് എന്ന രീതിയിൽ ശക്തമായ പ്രതിഷേധവുമായി ആന്റി മറെയുടെ അമ്മയും മുൻ ടെന്നീസ് കോച്ചുമായ ജൂഡി മറെ രംഗത്തെത്തിയിരുന്നു. എന്നാൽ വാർണിങ് മാത്രമാണെന്നും ഫൈനോ, പെനാൽറ്റിയോ ഒന്നും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടില്ല എന്നാണ് യുഎസ് ഓപ്പൺ അധികൃതർ ഉന്നയിച്ച വാദം. വനിതാ ടെന്നീസ് അസോസിയേഷൻ ഇതിനെ അനീതിയെന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. മത്സരത്തിൽ അലീസെ ആദ്യ സെറ്റ് നേടിയ ശേഷം പരാജയപ്പെട്ടിരുന്നു.

Previous articleലോകകപ്പ് ദുരന്തത്തിന് ശേഷം യുവനിരയടങ്ങിയ ടീമിനെ പ്രഖ്യാപിച്ച് ജർമ്മനി
Next articleരണ്ടാം ഏകദിനത്തില്‍ തിരിച്ചടിച്ച് അയര്‍ലണ്ട്