യു എസ് ഓപ്പൺ 2022, ട്രൂലി ഓപ്പൺ

ഇക്കൊല്ലത്തെ ടെന്നീസ് ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും തുറന്ന സമീപനം ഉള്ള ടൂർണമെന്റായി മാറുകയാണ് യുഎസ് ഓപ്പൺ 2022. കോവിഡാനന്തര കാലഘട്ടത്തിലെ ഈ ടെന്നീസ് മേജർ, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങളിൽ നിന്ന് രക്ഷനേടിയ വാർത്തകൾ നേരത്തെ വന്നിരിന്നു.

അമേരിക്കൻ സെന്റർ ഫോർ ഡിസീസസിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപനമാണ് ആഗസ്റ്റ് 29ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന് പുത്തൻ ഉണർവ്വ് നൽകിയിരിക്കുന്നത്. ഇനി വാക്സിൻ എടുക്കാത്തവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിലക്കുകളില്ല. വാക്സിൻ സ്റ്റാറ്റസ് കാരണം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നോവാക്കിന്‌ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ടൂർണമെന്റ് അധികാരികൾ ഇനിയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, യുഎസിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇക്കൊല്ലത്തെ ഈ വിംബിൾഡൺ ചാമ്പ്യൻ. യുഎസിന് മുന്നോടിയായുള്ള മോൻട്രിയൽ, സിൻസിനാറ്റി തുടങ്ങിയ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, നോവക്കിന്‌ ആത്മവിശ്വാസക്കുറവില്ല.
Novak Djokovic Australian Open
റഷ്യൻ താരങ്ങളെ വിലക്കില്ല എന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ കൊല്ലത്തെ ചാംപ്യനും, ലോക ഒന്നാം നമ്പർ താരവുമായ മെദ്വദേവ് പങ്കെടുക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചത്തെ മോൻട്രിയൽ ടെന്നീസ് ടൂർണമെന്റിൽ കിരിയോസിനോട് തോറ്റത് മെദ്വദേവിന് തിരിച്ചടിയായി.

ഉദരത്തിലെ പേശികളിൽ ഉണ്ടായ പരിക്ക് മൂലം വിംബിൾഡൺ മുതൽ കളിയിൽ നിന്ന് മാറി നിന്നിരുന്ന നദാൽ യുഎസ് ഓപ്പണിൽ ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു.
20220814 091708
ആൻഡി മറെയും സിൻസിനാറ്റിയിൽ എത്തിക്കഴിഞ്ഞു. യുഎസ് ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണിത്. എങ്കിലും ഒന്നാം റൗണ്ടിൽ എതിരാളിയായി വരുന്നത് സ്വിസ് താരം വാവ്രിങ്കയാണ് എന്നത് അമേരിക്കയിൽ ആൻഡിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ്.

ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ വച്ചു പരിക്കേറ്റ് പുറത്തായ സ്വേരേവ് അമേരിക്കയിലേക്ക് പ്‌ളെയിൻ കയറാൻ തന്നെയാണ് ശ്രമം. തിരിച്ചു വരവിന് ഇതിലും പറ്റിയ ടൂർണമെന്റ് വേറെയില്ല എന്ന തീരുമാനത്തിലാണ് താരം.

ഇവരെയെല്ലാം കൂടാതെ സിസിപ്പാസ്, അൽക്കറാസ്, ബാറ്റിസ്റ്റ അഗുട്, സിന്നർ, റൂഡ്, ഹുർകസ്, നോറി, ഓഗർ അലിയാസിമേ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതലമുറ താരങ്ങളുടെ ഒരു പട തന്നെ ന്യൂയോർക്കിലെ ക്വീൻസ് പാർക്കിലെ ബില്ലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കാൻ തയ്യാറായി വരുന്നുണ്ട്. ഇപ്പഴും കളം നിറഞ്ഞു കളിക്കുന്ന വാവ്രിങ്ക, മോൻഫിൽസ്, ചിലിക്, തീം തുടങ്ങിയവരും ഉണ്ടാകും ന്യൂയോർക്കിൽ.

എങ്കിലും കാണികളുടെ ശ്രദ്ധ ഇക്കൊല്ലം ഓസ്‌ട്രേലിയൻ താരം നിക് കിരിയോസിലായിരിക്കും. കഴിഞ്ഞ കുറെ കൊല്ലങ്ങളായി കാണികളുടെ (കളിക്കാരുടെയും, ടെന്നീസ് അധികാരികളുടെയും) കണ്ണിലെ കരടായിരുന്ന നിക്ക് ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്! ഈ ലൈവ് വയർ കളിക്കാരനെ കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നു തന്നെയാണ് എല്ലാവരും ഇപ്പോൾ വിശ്വസിക്കുന്നത്. ഒമ്പതോളം ടൂർണമെന്റുകളിൽ വിജയിച്ചു വരുന്ന കിരിയോസ് മോൻട്രിയലിൽ ക്വാർട്ടറിൽ പുറത്തായത് തിരിച്ചടിയായി.

ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാമിൽ പക്ഷെ ഫെഡറർ ഉണ്ടാകില്ല എന്ന സങ്കടം ടെന്നീസ് ആരാധകർക്കുണ്ട്. ഒരു വിടവാങ്ങൽ കളി മാത്രമായിട്ടാണെങ്കിലും ഈ ചാമ്പ്യൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. 2021 വിംബിൾഡണ് ശേഷം മുട്ടിന് ഏറ്റ പരിക്ക് മൂലം സർജറി ചെയ്ത ഫെഡറർ ഇത് വരെ ടെന്നീസിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞാഴ്ച്ച 41 വയസ്സ് തികഞ്ഞ ഈ വിശ്വചാമ്പ്യൻ ഗ്രാൻഡ്സ്ലാമിലേക്ക് തിരികെ വരുന്ന കാര്യത്തിൽ ടെന്നീസ് വിദഗ്ധർക്ക് ഭിന്നാഭിപ്രായമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞു നടക്കാനിരിക്കുന്ന യൂറോപ് vs റെസ്റ്റ് ഓഫ് വേൾഡ് ടൂർണമെന്റായ ലേവർ കപ്പിലാകും ഫെഡറർ തിരിച്ചു വരിക എന്നൊരു ശ്രുതിയുണ്ട്.

ഇത്രയധികം ലോകതാരങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പൺ, ടെന്നീസിന്റെ പുതിയൊരു വസന്തകാലത്തിന്റെ തുടക്കമാകും എന്നു വിശ്വസിക്കാം. എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിക്കുന്ന ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ തുറന്ന സമീപനം, കളിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്താൻ മറ്റ് കളികളുടെ അധികാരികൾക്കും പ്രചോദനമാകട്ടെ.

Story Highlight: Us open 2022 truly open