എമ്മ ദ ക്യൂൻ! ഗ്രാന്റ് സ്‌ലാം ചരിത്രം എഴുതി 18 കാരി യു.എസ് ഓപ്പൺ സെമിഫൈനലിൽ!

Img 20210907 Wa0240

ടെന്നീസ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു ബ്രിട്ടന്റെ 18 കാരി എമ്മ റാഡുകാനു. ആദ്യ 100 റാങ്കിൽ നിന്നു പുറത്തുള്ള യോഗ്യത കളിച്ചു മാത്രം യു.എസ് ഓപ്പണിൽ എത്തിയ എമ്മ യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തി സൃഷ്ടിച്ചത് പുതിയ ചരിത്രം. പുരുഷ വനിത വിഭാഗങ്ങളിൽ ഇത് ചരിത്രത്തിൽ ആദ്യമായാണ് യോഗ്യത കളിച്ചു വരുന്ന ഒരു താരം ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. അതേ പോലെ യു.എസ് ഓപ്പൺ സെമിയിൽ യോഗ്യത നേടുന്ന റാങ്കിംഗിൽ 100 ൽ താഴെയുള്ള മൂന്നാമത്തെ മാത്രം വനിത താരമായും എമ്മ മാറി. ക്വാർട്ടർ ഫൈനലിൽ 11 സീഡ് ആയ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ബലിന്ത ബെനചിചിനെയാണ് എമ്മ തോൽപ്പിച്ചത്.

വ്യക്തമായ ആധിപത്യം എമ്മ ബലിന്തക്ക് മേൽ പുലർത്തിയ ക്വാർട്ടർ ഫൈനലിന് ആണ് ന്യൂയോർക്ക് സാക്ഷ്യം വഹിച്ചത്. 6-3, 6-4 എന്ന സ്കോറിന് തന്നെക്കാൾ വലിയ മത്സര പരിചയവും റാങ്കിങിൽ ഒരുപാട് മുന്നിലുള്ള താരത്തെ എമ്മ അക്ഷരാർത്ഥത്തിൽ തകർത്തു വിട്ടു. 6 ഏസുകൾ മത്സരത്തിൽ ഉതിർത്ത എമ്മ ഒരു തവണ സർവീസ് ബ്രൈക്ക് വഴങ്ങിയെങ്കിലും ഇരു സെറ്റുകളിലും ആയി 3 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. നിലവിൽ ബ്രിട്ടീഷ് ഒന്നാം നമ്പർ എന്ന നേട്ടം ഇതിനകം കൈവരിച്ച എമ്മ ലോകത്ത് 51 റാങ്കിലേക്കും ഉയരും എന്നാണ് പ്രതീക്ഷ. സെമിക്ക് അപ്പുറം എമ്മയുടെ അവിശ്വസനീയ കുതിപ്പ് കാണാൻ ആവുമോ എന്ന ആകാംക്ഷയിൽ ആണ് ടെന്നീസ് ആരാധകർ.

Previous articleസാൽഗോക്കർ താരം ഡാനിയൽ ഗോമസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി
Next articleവിജയക്കുതിപ്പ് തുടർന്ന് ജർമ്മനി