അമ്മമാരുടെ പോരാട്ടത്തിൽ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സെമിഫൈനലിലേക്ക് മുന്നേറി സെറീന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റെക്കോർഡ് ഇരുപത്തി നാലാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് യു.എസ് ഓപ്പണിൽ തന്റെ നൂറ്റി ആറാം വിജയം കുറിച്ച് മറ്റൊരു സെമിഫൈനലിലേക്ക് മുന്നേറി. തുടർച്ചയായ 11 മത്തെ തവണയാണ് സെറീന യു.എസ് ഓപ്പൺ സെമിയിൽ എത്തുന്നത്. 3 വയസ്സുകാരിയുടെ അമ്മയായ മൂന്നാം സീഡ് സെറീന മറ്റൊരു അമ്മയായ സെറ്റാന പിരങ്കോവയെ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു സെറീനയുടെ ജയം. കഴിഞ്ഞ 3 വർഷമായി ടെന്നീസ് കളത്തിൽ നിന്നു വിട്ട് നിന്ന പിരങ്കോവ ടൂർണമെന്റിൽ ഇത് വരെ സ്വപ്നപ്രകടനം ആയിരുന്നു നടത്തിയത്.

ആദ്യ സെറ്റിൽ സെറീനയെ ബ്രൈക്ക് ചെയ്ത പിരങ്കോവ 6-4 നു സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത പിരങ്കോവ വലിയ മുന്നറിയിപ്പ് ആണ് സെറീനക്ക് നൽകിയത്. എന്നാൽ പിരങ്കോവയുടെ തൊട്ട് അടുത്ത സർവീസ് ബ്രൈക്ക് ചെയ്തു മത്സരത്തിൽ തിരിച്ചു വന്ന സെറീന എതിരാളിയെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്തു സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും പിരങ്കോവയുടെ രണ്ടു സർവീസുകൾ ബ്രൈക്ക് ചെയ്ത സെറീന സെറ്റ് 6-2 നു നേടി സെമിഫൈനൽ ഉറപ്പിച്ചു.

മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത സെറീന ഒരു സർവീസ് ഇരട്ടപ്പിഴവ് മാത്രമാണ് വരുത്തിയത്. മത്സരശേഷം പിരങ്കോവയെ അഭിനന്ദിച്ച സെറീന അമ്മമാർ എത്രത്തോളം കടുത്ത പോരാളികൾ ആണെന്നാണ് മത്സരം തെളിയിക്കുന്നത് എന്നും പറഞ്ഞു. അതേസമയം ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനേക്കാൾ പ്രയാസമേറിയ ഒന്നുമല്ല ടെന്നീസ് മത്സരങ്ങൾ ജയിക്കൽ എന്നും താരം കൂട്ടിച്ചേർത്തു. സെമിഫൈനലിൽ ടൂർണമെന്റിലെ മറ്റൊരു അമ്മയായ വിക്ടോറിയ അസരങ്ക എലിസി മെർട്ടൻസ് മത്സരവിജയിയെ ആണ് സെറീന നേരിടുക.