യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇതിഹാസതാരം സെറീന വില്യംസ്. ആർതർ ആഷെ സ്റ്റേഡിയത്തിലെ തന്റെ നൂറാം ജയം കുറിച്ച സെറീന കരിയറിൽ 53 മത്തെ തവണയാണ് ഒരു ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നത്. ഗ്രീക്കിന്റെ പതിനഞ്ചാം സീഡ് മരിയ സകാരിയുടെ കടുത്ത പോരാട്ടം അതിജീവിച്ച് ആണ് സെറീന അവസാന എട്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഏതാണ്ട് എല്ലാ നിലയിലും സെറീനക്ക് എതിരെ പിടിച്ചു നിൽക്കാൻ ഗ്രീക്ക് താരത്തിന് ആയി. ആദ്യ സെറ്റിൽ ബ്രൈക്ക് നേടി 6-3 നു സെറ്റ് കയ്യിലാക്കിയ സെറീന മത്സരം എളുപ്പം അവസാനിപ്പിക്കും എന്ന സൂചന ആണ് ആദ്യം ലഭിച്ചത്.
എന്നാൽ രണ്ടാം സെറ്റിൽ സെറീനക്ക് കടുത്ത പോരാട്ടം ആണ് സകാരി നൽകിയത്. ഇരു താരങ്ങളും സർവീസ് കൈവിടാതിരുന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ പിന്നിൽ നിന്ന ശേഷം സെറീന തിരിച്ചു വരാൻ ശ്രമിച്ചു എങ്കിലും ടൈബ്രേക്കർ ജയിച്ച സകാരി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ മികച്ച തുടക്കം ലഭിച്ച ഗ്രീക്ക് താരം സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു മൂന്നാം സീഡിനെ ഞെട്ടിച്ചു. എന്നാൽ സകാരിയുടെ സർവീസുകൾ തുടർച്ചയായി ബ്രൈക്ക് ചെയ്തു മത്സരത്തിലേക്ക് തിരിച്ചു വന്ന സെറീന 6-3 നു സെറ്റ് സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. 3 വയസ്സ്കാരിയുടെ അമ്മയായ 38 കാരിയായ സെറീന തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ലക്ഷ്യം വക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ ടൂർണമെന്റിലെ മറ്റൊരു അമ്മയായ സെറ്റന പിരങ്കോവ ആണ് സെറീനയുടെ എതിരാളി. സീഡ് ചെയ്യാത്ത പിരങ്കോവ ഫ്രഞ്ച് താരം ആൽസി കോർണറ്റിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് അവസാന എട്ടിൽ എത്തിയത്. ആദ്യ സെറ്റ് 6-4 നു നേടിയ പിരങ്കോവ രണ്ടാം സെറ്റിൽ മത്സരം നയിക്കുന്നതിന് തൊട്ട് അരികിൽ എത്തി. എന്നാൽ മാച്ച് പോയിന്റ് രക്ഷിച്ച ഫ്രഞ്ച് താരം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ രണ്ടു സെറ്റ് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും അവസാനം പിരങ്കോവ സെറ്റ് കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ ഈ നിരാശയിൽ നിന്നു കരകയറിയ പിരങ്കോവ 6-3 നു സെറ്റ് സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 6 സർവീസ് ബ്രൈക്ക് വഴങ്ങിയെങ്കിലും 8 തവണയാണ് പിരങ്കോവ എതിരാളിയെ ബ്രൈക്ക് ചെയ്തത്. മുഗുരുസ, വെകിച്ച് തുടങ്ങിയവരെ അട്ടിമറിച്ച് എത്തുന്ന പിരങ്കോവ സെറീനക്ക് എതിരെ സമാനമായ പ്രകടനം ആവർത്തിക്കുമോ എന്നു കാത്തിരുന്നു കാണാം.