യുഎസ് ഓപ്പൺ പുരുഷ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നർ

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ പുരുഷനായി ലോക ഒന്നാം നമ്പർ ജാനിക് സിന്നർ ചരിത്രം സൃഷ്ടിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ 6-3, 6-4, 7-5 എന്ന സ്‌കോറിനാണ് 23-കാരൻ പരാജയപ്പെടുത്തിയത്. തൻ്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ പ്രത്യക്ഷപ്പെട്ട ഫ്രിറ്റ്‌സിനെതിരെ കിരീടം നേടാൻ സിന്നർ രണ്ട് മണിക്കൂറിലധികം സമയമെടുത്തു.

ഫ്ലാവിയ പെന്നറ്റയുടെ 2015 ലെ വനിതാ സിംഗിൾസ് വിജയത്തിന് ശേഷം, ഫ്ലഷിംഗ് മെഡോസിൽ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ താരമായും സിന്നർ മാറി. കാസ്‌പർ റൂഡ്, അലക്‌സാണ്ടർ സ്വെരേവ് തുടങ്ങിയ പ്രമുഖ താരങ്ങളെ തോൽപ്പിച്ച് ഫൈനലിലെത്തിയ ഫ്രിറ്റ്‌സ്, ഒന്നാം റാങ്കുകാരനായ സിനറുമായി പൊരുതി നിൽക്കാൻ പാടുപെട്ടു. ഈ വിജയം ടെന്നീസിലെ വളർന്നുവരുന്ന താരമെന്ന നിലയിൽ സിന്നറിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു.

അതേസമയം യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ അവസാന അമേരിക്കക്കാരനായി ആൻഡി റോഡിക് തുടരുകയാണ്. അദ്ദേഹം 2003ൽ ആയിരുന്നു ഈ കിരീടം നേടിയത്.

അരിന സബലെങ്ക യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി

ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 7-5, 7-5 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ജെസീക്ക പെഗുലയെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ 2024-ലെ വനിതാ സിംഗിൾസ് കിരീടം അരിന സബലെങ്ക സ്വന്തമാക്കി. വാശിയേറിയ മത്സരം ഒരു മണിക്കൂർ 53 മിനുട്ടുകൾ നീണ്ടുനിന്നു. തുടർച്ചയായി ഓസ്‌ട്രേലിയൻ ഓപ്പൺ വിജയങ്ങൾക്ക് ശേഷം ഈ കിരീടം കൂടെ നേടിയതോടെ സബലെങ്ക തൻ്റെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം ഉറപ്പിച്ചു.

പെഗുലയും സബലെങ്കയും മത്സരത്തിനു ശേഷം

തൻ്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന പെഗുല, ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ഇഗാ സ്വിറ്റെക്കിനെതിരെയും സെമിയിൽ കരോലിന മുച്ചോവയ്‌ക്കെതിരെയും നേടിയ വിജയങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പ്രകടനങ്ങൾ യു എസ് ഓപ്പണിൽ ഇത്തവണ നടത്തി. അവർ ഇന്ന് ഫൈനലിൽ ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും, കഴിഞ്ഞ വർഷത്തെ ഫൈനലിൽ കൊക്കോ ഗൗഫിനോട് തോറ്റ സബലെങ്ക, ചരിത്രം ആവർത്തിക്കാൻ അനുവദിക്കാതെ ഇത്തവണ ജേതാവാവുക ആയിരുന്നു.

ജെസീക്ക പെഗുല യുഎസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി

ആർതർ ആഷെ സ്റ്റേഡിയത്തിൽ കരോലിന മുച്ചോവയെ തോൽപ്പിച്ച് യുഎസ് ഓപ്പൺ 2024 ഫൈനലിൽ തൻ്റെ സ്ഥാനം ഉറപ്പാക്കാൻ അമേരിക്കൻ ടെന്നീസ് താരം ജെസീക്ക പെഗുലക്ക് ആയി. തൻ്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിഫൈനലിൽ കളിക്കുന്ന പെഗുല മികച്ച തിരിച്ചുവരവാണ് നടത്തിയത്. തൻ്റെ ചെക്ക് എതിരാളിക്കെതിരെ 1-6, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു വിജയം.

ആദ്യ സെറ്റിൽ ആധിപത്യം പുലർത്തിയ മുച്ചോവ 6-1ന് അനായാസം ജയിച്ചു. എന്നിരുന്നാലും, തിങ്ങിനിറഞ്ഞ ഹോം കാണികളുടെ പിന്തുണയോടെ, സ്റ്റാൻഡിൽ നിന്ന് ആഹ്ലാദിക്കുന്ന അവളുടെ കുടുംബത്തെ സാക്ഷി നിർത്തി രണ്ടാം സെറ്റിൽ പെഗുല ഗിയർ മാറ്റി, രണ്ടാം സെറ്റിൽ 6-4 ന് ജയിക്കാൻ അവൾക്ക് ആയി. പിന്നാലെ 6-2 ന് കീഴടക്കി ഫൈനലിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു.

പെഗുല ഇനി ഫൈനലിൽ അരിന സബലെങ്കയെ നേരിടും. നവോരയെ തോൽപ്പിച്ചാണ് സബലെങ്ക ഫൈനലിൽ എത്തിയത്.

ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക്കിനെ ഞെട്ടിച്ച് ജെസീക്ക പെഗുല യുഎസ് ഓപ്പൺ സെമിഫൈനലിൽ

ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ഇഗ സ്വിറ്റെക്കിനെ 6-2, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ജെസീക്ക പെഗുല ടെന്നീസ് ലോകത്തെ ഞെട്ടിച്ച് യുഎസിൽ തൻ്റെ ആദ്യ ഗ്രാൻഡ് സ്ലാം സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ അമേരിക്കൻ താരം തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തി, ആദ്യ ഗെയിമിൽ തന്നെ സ്വിറ്റെക്കിനെ തകർത്തു.

സെപ്തംബർ 6 വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ പെഗുല ചെക്ക് താരം കരോലിന മുച്ചോവയെ നേരിടും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിൻ്റെ ബിയാട്രിസ് ഹദ്ദാദ് മയയെ 6-1, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് മുച്ചോവ തൻ്റെ തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ സെമിയിലേക്ക് മുന്നേറിയത്..

അരിന സബലെങ്ക തുടർച്ചയായ നാലാം തവണയും യുഎസ് ഓപ്പൺ സെമിഫൈനലിൽ

ലോക രണ്ടാം നമ്പർ താരം അരിന സബലെങ്ക ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ ഷെങ് ക്വിൻവെനെ 6-1, 6-2 എന്ന സ്‌കോറിന് തോൽപ്പിച്ച് തുടർച്ചയായ നാലാം യുഎസ് ഓപ്പൺ സെമിഫൈനൽ ഉറപ്പിച്ചു. ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനും കഴിഞ്ഞ വർഷം രണ്ടാം സ്ഥാനക്കാരിയുമായ സബലെങ്ക ഇനി സെമി ഫൈനലിൽ അമേരിക്കയുടെ എമ്മ നവാരോയെ നേരിടും. സബലെങ്കയുടെ കരിയറിലെ ഒമ്പതാം ഗ്രാൻഡ്സ്ലാം സെമിഫൈനലാണിത്.

13-ാം സീഡായ നവാരോ, സ്പെയിനിൻ്റെ പോള ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ചൊവ്വാഴ്ച ആദ്യ സ്ലാം സെമിയിൽ എത്തി. ഇന്ത്യൻ വെൽസിൽ ഏറ്റുമുട്ടിയപ്പോൾ നവോര സബലെങ്കയെ തോൽപ്പിച്ചിരുന്നു. ഫ്രഞ്ച് ഓപ്പണിൽ ഇരുവരുടെയും പോരാട്ടത്തിൽ സബലെങ്കയും വിജയിച്ചു. ഈ സീസണിൽ സബലെങ്കയും നവാരോയും 1-1 എന്ന ഹെഡ് ടു ഹെഡ് റെക്കോർഡിലാണ്.

US Open: രോഹൻ ബൊപ്പണ്ണ മിക്സ്ഡ് ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി

രോഹൻ ബൊപ്പണ്ണയും അൽദില സുത്ജിയാദിയും മിക്സ്ഡ് ഡബിൾസിൽ യുഎസ് ഓപ്പൺ 2024-ൻ്റെ സെമിഫൈനലിലെത്തി. ഒമ്പത് വർഷത്തിന് ശേഷം ഈ ടൂർണമെൻ്റിൽ ബൊപ്പണ്ണയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണ് ഇത്. ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് പങ്കാളികളായ മാത്യു എബ്ഡൻ-ബാർബോറ ക്രെജ്‌സിക്കോവ എന്നിവർക്കെതിരെ 7-6, 2-6, 10-7 എന്ന സ്‌കോറിനാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിച്ചത്.

നേരത്തെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസിൽ മികച്ച പ്രകടനത്തോടെ ബൊപ്പണ്ണ തിരിച്ചുവരവ് നടത്തി. കോർട്ടിലെ തൻ്റെ പ്രതിരോധശേഷിയും വൈദഗ്ധ്യവും കൊണ്ട് വെറ്ററൻ ആശ്ചര്യപ്പെടുത്തുന്നത് തുടരുകയാണ്‌.

യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ നിന്ന് രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും പുറത്തായി

സെപ്തംബർ 2 തിങ്കളാഴ്ച നടന്ന യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും പങ്കാളി മാത്യു എബ്ഡനും പുറത്തായി. അർജൻ്റീനിയൻ ജോഡിയായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തോട് 1-6, 5-7 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്.

ആദ്യ സെറ്റിൽ ഗോൺസാലസും മൊൾട്ടേനിയും 6-1ന് ആധിപത്യം സ്ഥാപിച്ചു. രണ്ടാം സെറ്റിൽ ബൊപ്പണ്ണയും എബ്ഡനും പ്രതിരോധം കാട്ടിയെങ്കിലും 5-5ന് നിൽക്കെ നിർണായക ബ്രേക്ക് തടയാനായില്ല, ഇത് 5-7ന്റെ തോൽവിയിലേക്ക് നയിച്ചു. ഈ തോൽവിയോടെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ അവർ പരസ്പരം മത്സരിക്കും. ആൽഡില സുത്ജിയാദിക്കൊപ്പം ബൊപ്പണ്ണ എബ്ഡനെയും ബാർബോറ ക്രെജിക്കോവയെയും നേരിടും.

രോഹൻ ബൊപ്പണ്ണ യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ

സെപ്തംബർ 1 ഞായറാഴ്ച നടന്ന യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കൂട്ടാളി അൽദില സുത്ജിയാദിയും ക്വാർട്ടർ ഫൈനലിൽ കടന്നു. 0-6, 7-6(5), 10- എന്ന സ്‌കോറിന് ജോൺ പീേഴ്‌സ്-കാറ്റെറിന സിനിയാക്കോവ സഖ്യത്തെ ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തി. ഇരുവരും ശ്രദ്ധേയമായ തിരിച്ചുവരവ് ആണ് നടത്തിയത്.

രോഹൻ ബൊപ്പണ്ണ

ആദ്യ സെറ്റ് 0-6ന് നഷ്‌ടപ്പെട്ട ബൊപ്പണ്ണ-സുത്ജിയാദി സഖ്യം രണ്ടാം സെറ്റിൽ ശക്തമായ പോരാട്ടം നടത്തി. ടൈബ്രേക്കിൽ 7-5ന് ജയിച്ചു. മത്സരം അവസാനം ടൈബ്രേക്കിലേക്ക് നീങ്ങി, അവിടെ ഇന്ത്യ-ഇന്തോനേഷ്യൻ ജോഡി 10-7 ന് വിജയം സ്വന്തമാക്കി.

സെപ്തംബർ മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബാർബോറ ക്രെജിക്കോവയ്‌ക്കൊപ്പം കളിക്കുന്ന തൻ്റെ പുരുഷ ഡബിൾസ് പങ്കാളി മാത്യു എബ്ഡനെയാണ് ബൊപ്പണ്ണ അടുത്തതായി നേരിടുക.

യുഎസ് ഓപ്പണിൽ പുരുഷ ഡബിൾസിലും മിക്‌സഡ് ഡബിൾസിലും രോഹൻ ബൊപ്പണ്ണ മുന്നേറ്റം

യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ പുരുഷ, മിക്‌സഡ് ഡബിൾസ് ഇനങ്ങളിൽ മുന്നേറ്റം നടത്തി. ഇന്തോനേഷ്യയുടെ അൽദില സുത്ജിയാദിയുമായി കളിച്ച്, 44-കാരൻ ഡെമി ഷുർസ് – ടിം പറ്റ്സ് എന്നിവർക്ക് എതിരായ ആദ്യ റൗണ്ട് മിക്‌സഡ് ഡബിൾസ് മത്സരത്തിൽ വിജയിച്ചു. 7-6 (7), 7-6 (5) എന്നാായിരുന്നു സ്കോർ. ബൊപ്പണ്ണയും സുത്ജിയാദിയും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി, അവിടെ അവർ ജോൺ പീർസിനെയും കാറ്ററീന സിനിയാക്കോവയെയും നേരിടും.

എബ്ഡനും രോഹൻ ബൊപ്പണ്ണയും. (ഫയൽ ചിത്രം)

പുരുഷ ഡബിൾസിൽ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേർന്ന് റോബർട്ടോ കാർബല്ലെസ് ബെയ്‌ന-ഫെഡറിക്കോ കോറിയ സഖ്യത്തെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി, 6-2, 6-4 എന്നായിരുന്നു സ്കോർ. രണ്ടാം സീഡായ ജോഡി അടുത്തതായി അർജൻ്റീനിയൻ ജോഡികളായ മാക്‌സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തെ നേരിടും.

മറ്റൊരു ഇന്ത്യൻ താരമായ യുകി ഭാംബ്രിയും തൻ്റെ പങ്കാളി അൽബാനോ ഒലിവെറ്റിക്കൊപ്പം ടൂർണമെൻ്റിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി, ഓസ്റ്റിൻ ക്രാജിസെക്കിനെയും ജീൻ ജൂലിയൻ റോജറെയും 4-6, 6-3, 7-5 എന്ന സ്കോറിന് ആണ് പരാജയപ്പെടുത്തിയത്.

മൈക്കൽ വീനസ്-നീൽ സ്‌കുപ്‌സ്‌കി എന്നിവരോട് 6(4)-7, 4-6 എന്ന സ്‌കോറിന് പരാജയപ്പെട്ട് എൻ. ശ്രീറാം ബാലാജിയും കൂട്ടാളി ഗൈഡോ ആൻഡ്രിയോസിയും രണ്ടാം റൗണ്ടിൽ പുറത്തായി.

വമ്പൻ അട്ടിമറി! നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്!

നിലവിലെ ചാമ്പ്യനും 24 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനും ആയ മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്. മൂന്നാം റൗണ്ടിൽ 28 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സി പോപ്റിൻ ആണ് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. മൊന്ധ്രയാൽ ചാമ്പ്യൻ ആയ 25 കാരനായ പോപ്റിന്റെ കരിയറിലെ ഏറ്റവും വലിയ ജയം ആണ് ഇത്. ഇന്നലെ രണ്ടാം സീഡ് കാർലോസ് അൽകാരസും യു.എസ് ഓപ്പണിൽ നിന്നു പുറത്ത് പോയിരുന്നു. 2017 നു ശേഷം ഇത് ആദ്യമായാണ് ഇത്രയും ആദ്യം ജ്യോക്കോവിച് ഒരു ഗ്രാന്റ് സ്ലാമിൽ നിന്നു പുറത്ത് പോവുന്നത്. 2006 യു.എസ് ഓപ്പണിനു ശേഷം ആദ്യമായാണ് ജ്യോക്കോവിച് യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് പോവുന്നത്. ആദ്യ 2 സെറ്റുകളിൽ മികവ് കാണിച്ച ഓസ്‌ട്രേലിയൻ താരം 6-4, 6-4 എന്ന സ്കോറിന് രണ്ടു സെറ്റുകളും സ്വന്തം പേരിലാക്കി.

ജ്യോക്കോവിച്

മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രേക്ക് കണ്ടെത്തി മുന്നേറിയ ജ്യോക്കോവിച് ഇടക്ക് ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് നേടി സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ ഇരട്ട ബ്രേക്ക് കണ്ടെത്തിയ ഓസ്‌ട്രേലിയൻ താരം അനായാസം നാലാം സെറ്റ് നേടും എന്നു കരുതിയെങ്കിലും നൊവാക് ഒരു ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാൽ തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. പലപ്പോഴും സർവീസ് ബ്രേക്കുകൾ വഴങ്ങിയെങ്കിലും പൊരുതി സർവീസ് നിലനിർത്തിയ ഓസ്‌ട്രേലിയൻ താരം അർഹിച്ച ജയം തന്നെയാണ് ഇന്ന് നേടിയത്. മത്സരത്തിൽ 15 ഏസുകൾ നേടിയ ഓസ്‌ട്രേലിയൻ താരം 4 തവണ ബ്രേക്ക് വഴങ്ങിയപ്പോൾ ജ്യോക്കോവിച് 16 ഏസുകളും 5 തവണ ബ്രേക്ക് വഴങ്ങുകയും ചെയ്തു. 2004 നു ശേഷം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറിൽ ജ്യോക്കോവിച്, ഫെഡറർ, നദാൽ എന്നിവർ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്ലാം ആയി ഈ യു.എസ് ഓപ്പൺ ഇതോടെ മാറി.

കാർലോസ് അൽകാരാസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്

മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽകാരാസ് രണ്ടാൻ റൗണ്ടിൽ പുറത്ത്. 6-1, 7-5, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ബോട്ടിക് വാൻ ഡി സാൻഡ്‌സ്ഷൾപ്പ് ആണ് അൽകാരാസിന്റെ തോൽപ്പിച്ചത്. റോളണ്ട് ഗാരോസിലും വിംബിൾഡണിലും കിരീടം നേടിയ അൽകാരാസിൻ്റെ നിഴൽ മാത്രമാണ് ഇന്ന് കളത്തിൽ കാണാൻ ആയത്.

വാൻ ഡി സാൻഡ്‌സ്ഷൾപ്പ് അസാധാരണമായ പ്രകടനം തന്നെ നടത്തി. കാണികളെ ഞെട്ടിച്ചുകൊണ്ട് ടൂർണമെൻ്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഈ വിജയം മാറിം . വിജയം വാൻ ഡി സാൻഡ്‌സ്ചൽപ്പിനെ അടുത്ത റൗണ്ടിലേക്ക് നയിക്കുകയും കിരീടം നിലനിർത്താനുള്ള അൽകാരസിൻ്റെ പ്രതീക്ഷകൾ അവസാനിപ്പിക്കുകയും ചെയ്തു.

യുഎസ് ഓപ്പണിൽ ബൊപ്പണ്ണയും എബ്ഡനും മികച്ച വിജയത്തോടെ തുടങ്ങി

രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും തങ്ങളുടെ യുഎസ് ഓപ്പൺ കാമ്പെയ്‌ൻ വിജയത്തോടെ തുടങ്ങി. റോബി ഹാസെ, സാൻഡർ അരെൻഡ്‌സ് എന്നിവരുടെ ഡച്ച് ടീമിനെതിരെ 6-3, 7-5 സ്കോറിനായിരുന്നു വിജയം.

അണ്ടർഡോഗ് ആയിരുന്നിട്ടും, ഹാസെയും ആരെൻഡും രണ്ട് സെറ്റുകളിലും ശക്തമായി പൊരുതിയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. ബൊപ്പണ്ണയുടെയും എബ്ഡൻ്റെയും മികച്ച ടീം വർക്കും അനുഭവസമ്പത്തും എതിരാളികൾക്ക് കടമ്പയായി നിന്നു.

ഈ വിജയത്തോടെ ബൊപ്പണ്ണയും എബ്ഡനും കഴിഞ്ഞ വർഷം യു എസ് ഓപ്പ്ക്ക്ണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തിരുന്നു. ഇത്തവണ അവർ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്‌.

Exit mobile version