നദാൽ × തിം ക്വാർട്ടർ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ റാഫേൽ നദാൽ ഡൊമിനിക് തിം നെ നേരിടും. പ്രീക്വാർട്ടർ മത്സരത്തിലും എതിരാളിക്ക് ഒരു സെറ്റ് വഴങ്ങിയ ശേഷമാണ് നദാൽ ജയിച്ചു കയറിയത്. ബാസിലാഷ്‌വിലിക്കെതിരെ 6-3,6-3,6-7,6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. വിംബിൾഡൺ ഫൈനലിസ്റ്റായ കെവിൻ ആൻഡേഴ്‌സനെ നിഷ്പ്രഭനാക്കിയ പ്രകടനവുമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായ ഡൊമിനിക് തിം ക്വാർട്ടറിൽ ഇടം നേടിയത്. വലിയ സർവ്വുകൾക്ക് ഉടമയായ കെവിനെ 7-5,6-2,7-6 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തിം കീഴ്പ്പെടുത്തിയത്. മറ്റ്‌ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡെൽപോട്രോ കോറിച്ചിനെ തോൽപ്പിച്ചും, അമേരിക്കയുടെ ഇസ്‌നർ കടുത്ത മത്സരത്തിൽ കാനഡയുടെ റയോനിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നും ക്വാർട്ടറിൽ ഇടം നേടി.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സെറീന വില്ല്യംസ്, അമേരിക്കയുടെ തന്നെ സ്റ്റീഫൻസ്, സെവസ്റ്റോവ, പ്ലിസ്‌കോവ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് എത്തിയ കനേപ്പിയെയാണ് സെറീന മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 6-0,4-6,6-3. മൂന്നാം സീഡായ സ്റ്റീഫൻസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തിയാണ് അവസാന എട്ടിൽ ഇടം നേടിയത്.

Previous articleനോർത്ത് ഈസ്റ്റ് പ്രീസീസണായി വിദേശത്തേക്കില്ല
Next articleകൂറ്റന്‍ സ്കോര്‍ നേടി തല്ലാവാസ്, മഴ നിയമത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു ജയം