യു.എസ് ഓപ്പണിൽ സെമിഫൈനലിൽ അനായാസം മുന്നേറി മുൻ ജേതാവും രണ്ടാം സീഡും ആയ റാഫേൽ നദാൽ. അർജന്റീനയുടെ 20 സീഡ് ഡീഗോ ഷ്വാർട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ തോൽപ്പിച്ചത്. നിലവിൽ സെമിഫൈനലിൽ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ഏകതാരണ് നദാൽ. അതിനാൽ തന്നെ തന്റെ 19 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടം ലക്ഷ്യമിടുന്ന നദാലിനെ സംബന്ധിച്ച് ഈ ടൂർണമെന്റ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ നദാൽ പിന്നീട് തിരിഞ്ഞു നോക്കിയില്ല. രണ്ടാം സെറ്റിൽ നദാലിന് അർജന്റീനൻ താരം കുറച്ച് കൂടി വെല്ലുവിളി ഉയർത്തി എങ്കിലും 7-5 നു സെറ്റ് സ്പാനിഷ് താരത്തിന് സ്വന്തം. മൂന്നാം സെറ്റിൽ ഷ്വാർട്ട്സ്മാനു ശ്വാസം വിടാൻ അവസരം നൽകാതിരുന്ന നദാൽ 6-2 നു മൂന്നാം സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു.
സെമിഫൈനലിൽ നദാലിന്റെ എതിരാളി ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയാണ്. 24 സീഡ് ബരേറ്റിനി 13 സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസിനെ 5 സെറ്റ് നീണ്ട അവിസ്മരണീയപോരാട്ടത്തിലൂടെ മറികടന്നാണ് ഇറ്റാലിയൻ താരം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിയിലേക്ക് മുന്നേറിയത്. ഹൃദയം നൽകി ഇരു താരങ്ങളും പൊരുതിയപ്പോൾ ആർതർ ആഷേ സ്റ്റേഡിയം സാക്ഷിയായത് കടുത്ത പോരാട്ടത്തിനു തന്നെയായിരുന്നു. ആദ്യ സെറ്റ് 6-3 നു ഫ്രഞ്ച് താരം നേടിയപ്പോൾ അടുത്ത രണ്ടു സെറ്റുകളും 6-3, 6-2 നു നേടിയ ഇറ്റാലിയൻ താരം മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന മോൻഫിൽസ് 6-3 നു സെറ്റ് നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ ടൈബ്രേയ്ക്കറിലേക്ക് നീണ്ട അഞ്ചാം സെറ്റ് കാണികൾ ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്. എന്നാൽ കാമുകിയുടെ നേട്ടം ആവർത്തിക്കാൻ ഫ്രഞ്ച് താരത്തിന് ആവാതിരുന്നപ്പോൾ മത്സരം ഇറ്റാലിയൻ താരം സ്വന്തമാക്കി. സെമിയിൽ നദാലിന് വലിയ വെല്ലുവിളി ആവാൻ ബരേറ്റിക്ക് ആവുമോ എന്നു കണ്ടറിയണം.