യു.എസ് ഓപ്പണിൽ യുവ കനേഡിയൻ താരവും പതിനഞ്ചാം സീഡുമായ ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ഡൊമിനിക് തീം. ആദ്യ സെറ്റിൽ ഒഴിച്ചാൽ തീർത്തും നിരാശ നൽകുന്ന പ്രകടനം ആണ് ഫെലിക്‌സിൽ നിന്നുണ്ടായത്. ആദ്യ പത്തിലുള്ള താരങ്ങൾക്ക് എതിരെ ഇത് വരെ ഒരിക്കൽ മാത്രം ജയിക്കാൻ ആയ ഫെലിക്‌സിന് ഇത്തവണയും നിരാശ ആയിരുന്നു ഫലം. ആദ്യ സെറ്റിൽ ആദ്യമേ തന്നെ ബ്രൈക്ക് കണ്ടത്തിയ തീമിനെ തിരിച്ചു ബ്രൈക്ക് ചെയ്തു പൊരുതിയ ഫെലിക്‌സ് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. പലപ്പോഴും ഇരു താരങ്ങൾക്കും സർവീസ് നിലനിർത്താൻ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വന്നു. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് കയ്യിലാക്കിയ തീം മത്സരത്തിൽ ആധിപത്യം നേടി.
രണ്ടാം സെറ്റ് മുതൽ പലപ്പോഴും പിഴവ് വരുത്തിയ ഫെലിക്‌സിന് മേൽ സമ്പൂർണ ആധിപത്യം ആണ് തീം നേടിയത്. 12 ഏസുകൾ ഉതിർത്ത യുവ താരത്തിന്റെ സർവീസ് 5 തവണ കൂടി രണ്ടും മൂന്നും സെറ്റുകളിൽ ആയി തീം ഭേദിച്ചു. 6-1, 6-1 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ തീം യു.എസ് ഓപ്പൺ കിരീടം ലക്ഷ്യം വക്കുന്ന മറ്റ് താരങ്ങൾക്ക് വലിയ മുന്നറിയിപ്പ് ആണ് നൽകിയത്. ഫെഡറർ, നദാൽ, ജ്യോക്കോവിച്ച് എന്നിവരുടെ അഭാവത്തിൽ ഏറ്റവും കൂടുതൽ അധികം ആളുകൾ നിലവിൽ കിരീട സാധ്യത കൊടുക്കുന്ന തീം ഈ ഫോമിൽ കളിച്ചാൽ ഡാനിഷ് താരത്തെ മറികടക്കുക എതിരാളികൾക്ക് വലിയ വെല്ലുവിളി ആവും.
ഓസ്‌ട്രേലിയയുടെ ഇരുപത്തിയൊന്നാം സീഡ് യുവതാരം അലക്‌സ് ഡി മിനാർ ആണ് തീമിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി. പല പ്രമുഖ താരങ്ങളെ അട്ടിമറിച്ച് എത്തിയ സീഡ് ചെയ്യാത്ത കാനഡയുടെ വാസെക് പോസ്പിസിലിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അലക്സ് ജയം കണ്ടത്. ആദ്യ സെറ്റ് ജയിക്കാൻ ടൈബ്രേക്കർ വേണ്ടി വന്ന അലക്‌സ് രണ്ടും മൂന്നും സെറ്റുകൾ 6-3, 6-2 എന്ന സ്കോറിന് ജയിച്ച് അവസാന എട്ടിൽ ഇടം നേടി. 80 ശതമാനം ആദ്യ സർവീസ് ജയം കണ്ട അലക്‌സ് 4 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. തീമിനു വെല്ലുവിളി ആവാൻ അലക്സിനു ആവുമോ എന്നു കാത്തിരുന്നു കാണാം.