പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ നാടായ തൃശൂരിൽ ഇനി വരാൻ പോകുന്നത് ടെന്നീസ് പൂരത്തിന്റെ നാളുകളാണ്. കേരളത്തിന്റെ ടെന്നീസ് തലസ്ഥാനം തൃശൂരാണ് എന്ന് അരക്കിട്ടുറപ്പിക്കാൻ തന്നെയാണ് ജില്ലാ ടെന്നീസ് അസോസിയേഷന്റെ തീരുമാനം. മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ തൃശൂരിലെ ടെന്നീസ് ആരാധകർ ഒരുക്കാൻ ഉദ്ദേശിക്കുന്നത് തീ പാറുന്ന പോരാട്ടങ്ങളാണ്. പരശുരാമൻ മഴുവെറിഞ്ഞു കടലിൽ നിന്നും ഉയർത്തിയ കേര നാടിന്റെ നദാലിനെയും ജോക്കോവിച്ചിനെയും കണ്ടുപിടിക്കാനുള്ള മത്സരങ്ങൾ കൂടാതെ, പോയ കാലത്തെ മിന്നും താരങ്ങളായ ബോർഗിന്റെയും, അഗാസിയുടെയും, മക്ൻറോയുടെയും കേരളത്തിലെ പിൻഗാമികളെ തീരുമാനിക്കാനുള്ള മത്സരങ്ങളും അടുത്ത മാസം തൃശൂർ വച്ച് നടക്കും.
ഡിസംബർ 1 മുതൽ 7 വരെ 86മത് കേരള സംസ്ഥാന വ്യക്തിഗത റാങ്കിങ് ടൂർണമെന്റ് തൃശൂർ ടെന്നീസ് അസോസിയേഷനുമായി കൈകോർത്തു കൊണ്ട്, തൃശൂർ ടെന്നീസ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു.ഒന്നാം തിയ്യതി മന്ത്രി കെ.രാജൻ ഉത്ഘാടനം നിർവ്വഹിക്കുന്ന ഈ ടെന്നീസ് മാമാങ്കത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടെന്നീസ് കളിക്കാർ പങ്കെടുക്കും എന്ന് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അറിയിച്ചു. കുട്ടികളുടെ അണ്ടർ 18 , 16 , 14 , 12 വിഭാഗങ്ങളിൽ സിംഗിൾസും ഡബിൾസും മത്സരങ്ങൾ ഉണ്ടാകും. കൂടാതെ മെൻസ് & വിമൻസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടാകും. കേരളത്തിലെ മുൻനിര ടെന്നീസ് കളിക്കാരുടെ മാത്രമല്ല, ഉയർന്നു വരുന്ന പുതുതലമുറ കളിക്കാരുടെയും പ്രകടനങ്ങൾ കാണികൾക്കു ആവേശം പകരും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നും അദ്ദേഹം അറിയിച്ചു.
ഇത് കൂടാതെ ഡിസംബർ 10 , 11 തിയ്യതികളിൽ തൃശൂർ ടെന്നീസ് അസോസിയേഷൻ കേരളത്തിലുള്ള വെറ്ററൻ ടെന്നീസ് കളിക്കാർക്ക് വേണ്ടി റോജർ ഫെഡറർ സീനിയർ ചലഞ്ചും നടത്തുന്നതാണ് എന്ന് അഡ്വക്കേറ്റ് ബഷീർ അറിയിച്ചു. 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഈ ടൂർണമെന്റ് പല ഏജ് ഗ്രൂപ്പുകളായി തിരിച്ചാകും നടത്തുക എന്ന് പറഞ്ഞു.
ഈ രണ്ട് ടൂര്ണമെന്റുകളും സ്പോൺസർ ചെയ്യുന്നത് DLF കമ്പനിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8589015456