സജീവ ടെന്നീസിൽ നിന്ന് വിരമിച്ച ഫെഡറർക്ക് ആശംസകൾ നേർന്ന് തൃശൂർ ജില്ലാ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ ടെന്നീസ് ട്രസ്റ്റിൽ തൃശ്ശൂരിലെ റോജർ ഫെഡറർ ആരാധകർ ഒത്തുകൂടി. അഡ്വ. എം.എച്ച്.മുഹമ്മദ് ബഷീർ, കെ.കെ.രാമചന്ദ്രൻ, അഡ്വ. റോബ്സൺ പോൾ, അഡ്വ. കെ എൻ സോമകുമാർ, ടി.പി. രാജാറാം, അഡ്വ. വി.കെ. പുഷ്‌കല എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 25 വർഷത്തിലേറെയായി ലോക ടെന്നീസിനെ അടക്കി വാണിരുന്ന ഈ സ്വിസ് താരത്തിന് നന്ദി പറഞ്ഞു കൊണ്ടു അഡ്വ. എം.എച്ച്.മുഹമ്മദ് ബഷീർ പറഞ്ഞത്, ഇന്ന് ലോകത്തിലെ പല കോണുകളിലും കുട്ടികളും, ചെറുപ്പക്കാരും ടെന്നീസിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഫെഡററാണ് എന്നാണ്. ടെന്നീസിന്റെ പ്രധാന പ്രചാരകരിൽ ഒരാൾ എന്നത് കൂടാതെ, ടെന്നീസ് കളിയെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയർത്തുന്നതിലും ഫെഡറർ വലിയ പങ്ക് വഹിച്ചു. സ്പോർട്സ് മേഖലയിലെ ഏറ്റവും വലിയ എതിരാളികളായിരുന്ന ഫെഡററും നദാലും നമുക്ക് കാണിച്ചു തന്നത്, കോർട്ടിൽ എതിരാളികൾ ആയത് കൊണ്ട് ജീവിതത്തിൽ അങ്ങനെയാകണം എന്നില്ല എന്നതാണ്. സ്പോർട്സിനെ ജീവിതത്തിൽ ഉൾപ്പെടുത്തുക, അല്ലാതെ തിരിച്ചാകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറർ എന്നു അദ്ദേഹം പറഞ്ഞു.