പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സിൽ അവസാന എട്ടിലേക്ക് മുന്നേറി പാരീസിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് ആയ റാഫേൽ നദാൽ. ഓസ്‌ട്രേലിയൻ താരം ആയ ജോർദൻ തോംപ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. ആദ്യ സെറ്റിൽ രണ്ടു ബ്രൈക്കുകൾ നേടി സെറ്റ് 6-1 നേടിയ നദാൽ ടൈബ്രേക്കറിലൂടെയാണ് രണ്ടാം സെറ്റ് സ്വന്തം പേരിൽ കുറിച്ചത്. ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ആയ നാട്ടുകാരൻ കൂടിയായ പാബ്ലോ കരെനോ ബുസ്റ്റയാണ് നദാലിന്റെ എതിരാളി. നോർബർട്ട് ഗോമ്പോസിനെ 7-5, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ബുസ്റ്റ മറികടന്നത്. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്താണ് ബുസ്റ്റ മത്സരത്തിൽ ജയം കണ്ടത്.
പതിനാറാം സീഡ് ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനോറിനെ 3 സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയ മൂന്നാം സീഡ് ഡാനിൽ മെദ്വദേവും അവസാന എട്ടിലേക്ക് മുന്നേറി. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത മെദ്വദേവ് ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷമാണ് 6-2, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മത്സരം സ്വന്തമാക്കിയത്. അവസാന എട്ടിൽ അലഹാൻഡ്രോ ഫോകിനയെ 6-1, 6-1 എന്ന സ്കോറിന് തകർത്ത ആറാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് മെദ്വദേവിന്റെ എതിരാളി. മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കടുത്ത പോരാട്ടം ആണ് നടക്കുക എന്നുറപ്പാണ്.
അതേസമയം രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ ഫ്രഞ്ച് താരം അഡ്രിയാനെ 7-6, 6-7, 6-4 എന്ന സ്കോറിന് മറികടന്ന നാലാം സീഡ് അലക്‌സാണ്ടർ സെരവും അവസാന എട്ടിലേക്ക് മുന്നേറി. മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത സെരവ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്താണ് ജർമ്മൻ താരം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മികച്ച ഫോമിലുള്ള അഞ്ചാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ വീഴ്‌ത്തി എത്തുന്ന പന്ത്രണ്ടാം സീഡ് സ്റ്റാൻ വാവറിങ്ക ആണ് സെരവിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി. ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു 1-6, 6-4, 6-3 എന്ന സ്കോറിന് വാവറിങ്കയുടെ ജയം. അമേരിക്കൻ താരം മാർക്കോസ് ഗിരോനെ മറികടന്ന പത്താം സീഡ് മിലോസ് റയോണിക്കും ക്വാർട്ടർ ഫൈനലിൽ എത്തി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ റയോണിക്ക് രണ്ടാം സെറ്റിൽ രണ്ടു ബ്രൈക്കുകൾ കണ്ടത്തി 6-2 നു സെറ്റും മത്സരവും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ മാരിൻ ചിലിച്ചിനെ 6-3, 6-7, 6-3 എന്ന സ്കോറിന് അട്ടിമറിച്ചു എത്തുന്ന ഫ്രഞ്ച് താരം ഉഗോ ഹുമ്പർട്ട് ആണ് റയോണിക്കിന്റെ എതിരാളി.