ചരിത്രം ലക്ഷ്യമിട്ട് ജ്യോക്കോവിച്ച് തുടങ്ങി, ഡബിൾസിൽ ആന്റി മറെ സഖ്യത്തിന് അട്ടിമറി ജയം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിനകം തന്നെ ഈ ഒളിമ്പിക്‌സിലെ മുഖ്യ ആകർഷണം ആയി മാറിയ ചരിത്ര നേട്ടം ആയ ഗോൾഡൻ സ്‌ലാം ലക്ഷ്യം വക്കുന്ന സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച് ഒളിമ്പിക്‌സിൽ ജയത്തോടെ തുടങ്ങി. സകല രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളും ജ്യോക്കോവിച്ചിനു പിറകെ ഒരു സെൽഫിക്ക് ആയി മത്സരിക്കുന്ന കാഴ്ചയാണ് ഇതിനകം തന്നെ ഒളിമ്പിക് ഗ്രാമത്തിൽ നിന്നു ലഭിക്കുന്നത്. ഇന്നേവരെ വനിതകളിൽ സ്റ്റെഫി ഗ്രാഫ് മാത്രം നേടിയ നാലു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സുവർണ നേട്ടവും എന്ന ചരിത്രം പിന്തുടർന്ന ലോക ഒന്നാം നമ്പർ ജ്യോക്കോവിച്ച് ബൊളീവിയൻ താരമായ ഹ്യൂഗോ ഡെല്ലിയനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്.

എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ജ്യോക്കോവിച്ച് 6-2, 6-2 എന്ന സ്കോറിന് അനായാസ ജയം നേടി. രണ്ടാം റൗണ്ടിൽ ജർമ്മൻ താരം യാൻ ലനാർഡ് സ്ട്രഫ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. ഇത് വരെ ഒളിമ്പിക് മെഡൽ എന്ന സ്വപ്നം രണ്ടു തവണയും അർജന്റീനൻ താരം ഡെൽ പോർട്ടോയിൽ തട്ടി വീണ ജ്യോക്കോവിച്ച് ഇത്തവണ സ്വർണം നേടാൻ ഉറച്ചാണ്. അതേസമയം ഫ്രാൻസിന്റെ 5 തവണ ഡബിൾസ് ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആയ ഹെർബർട്ട്-നിക്കോളാസ് സഖ്യത്തെ വീഴ്‌ത്തി ഗ്രേയ്റ്റ് ബ്രിട്ടന്റെ ആന്റി മറെ, ജോ സാൽസ്ബറി സഖ്യം. 6-3, 6-2 ന്റെ ഗംഭീര ജയം നേടിയ മറെ സഖ്യം മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്.