വനിത സിംഗിൾസിനു പുറമെ ഡബിൾസിലും ഫൈനലിൽ എത്തി ബെനചിച്,ഫൈനലിൽ സ്വിസ്-ചെക് പോരാട്ടം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക് ടെന്നീസിൽ ഇതിഹാസ താരം റോജർ ഫെഡറുടെ അഭാവത്തിലും കരുത്ത് കാട്ടി സ്വിസ് ടീം. രണ്ടു വനിത താരങ്ങൾ മാത്രം അടങ്ങിയ അവർ രണ്ടു ഫൈനലുകളിൽ ആണ് ഇതിനകം ഇടം പിടിച്ചത്. വനിത സിംഗിൾസ് ഫൈനലിൽ ഇടം പിടിച്ച ബലിന്ത ബെനചിച് വിക്ടോറിയ ഗോലുബിച്ചിനു ഒപ്പം ഇത്തവണ വനിത ഡബിൾസ് ഫൈനലിലും യോഗ്യത നേടി. ബ്രസീലിന്റെ ലൗറ പിഗോസി, ലൂസിയ സ്റ്റെഫാനി സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സ്വിസ് സഖ്യം മറികടന്നത്. ആദ്യ സെറ്റിൽ പോരാട്ടം നേരിട്ട അവർ 7-5 നു സെറ്റ് നേടി രണ്ടാം സെറ്റ് 6-3 നു അനായാസം സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.

ഒളിമ്പിക് ടെന്നീസിൽ സിംഗിൾസിലും ഡബിൽസിലും ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ മാത്രം താരമായി ഇതോടെ ബെനചിച് മാറി. ഫൈനലിൽ ഒന്നാം സീഡ് ചെക് റിപ്പബ്ലിക് സഖ്യം ബാർബൊറ ക്രജികോവ, കാതറീന സിനിയകോവ സഖ്യം ആണ് സ്വിസ് ടീമിന്റെ എതിരാളികൾ. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ എലെന വെർഷിന, വേറോണിക്ക കുണ്ടർമെറ്റോവ സഖ്യത്തെ സൂപ്പർ ടൈബ്രേക്കറിലാണ് ചെക് ടീം മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ ചെക് ടീം രണ്ടാം സെറ്റ് അതേ സ്കോറിന് കൈവിട്ടു. എന്നാൽ സൂപ്പർ ടൈബ്രേക്കറിൽ 10-6 നു ജയം കണ്ട അവർ ഫൈനലിലേക്ക് മുന്നേറി. സിംഗിൾസിലും ഡബിൾസിലും ബെനചിച് സ്വർണം നേടുമോ എന്നു കണ്ടറിയാം.