വാർഷിക വരുമാനത്തിൽ റൊണാൾഡോയെയും മെസ്സിയെയും മറികടന്ന് ഫെഡറർ ഒന്നാമത്

- Advertisement -

ഫോർബിസിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും സാമ്പത്തിക നേട്ടം ഉണ്ടാക്കിയ താരമായി ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡറർ. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്ത് ആയിരുന്ന ഫെഡറർ ഈ വർഷം ഒന്നാം സ്ഥാനത്ത് എത്തുക ആയിരുന്നു. കളത്തിൽ നിന്നു സമ്മാനത്തുക ആയും കളത്തിനു പുറത്ത് പരസ്യവരുമാനം ഒക്കെ ആയും 106.3 മില്യൻ ഡോളർ(ഏകദേശം 800 കോടി ഇന്ത്യൻ രൂപ) ആണ് കഴിഞ്ഞ വർഷത്തെ ഫെഡററിന്റെ വരുമാനം. കഴിഞ്ഞ വർഷം ബോക്‌സർ കൻലോ അൽവാരെസ് ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. ഫോർബിസിന്റെ ലിസ്റ്റിൽ ആദ്യ 10 ലുള്ള ഏക ടെന്നീസ് താരമായ ഫെഡറർ ഈ ലിസ്റ്റിൽ 1990 നു ശേഷം ഒന്നാമത് എത്തുന്ന ആദ്യ ടെന്നീസ് താരം കൂടിയാണ്.

ഫെഡറർക്ക് പിറകെ 3 സ്ഥാനങ്ങളിൽ യഥാക്രമം ഫുട്‌ബോൾ താരങ്ങൾ ആയ റൊണാൾഡോ, മെസ്സി, നെയ്മർ എന്നിവർ ആണ്. 105 മില്യൻ ഡോളർ റൊണാൾഡോക്കും 104 മില്യൻ ഡോളർ മെസ്സിക്കും വാർഷിക വരുമാനം ഉള്ളപ്പോൾ 95.5 മില്യൻ ഡോളർ ആണ് നെയ്മറിന്റെ സമ്പാദ്യം. 5,6,7 സ്ഥാനങ്ങളിൽ ബാസ്‌ക്കറ്റ് ബോൾ താരങ്ങൾ ആണ്. അഞ്ചാമതുള്ള ലെബ്രോൻ ജെയിംസിന്റെ വരുമാനം 88.2 മില്യൻ ഡോളർ ആണെങ്കിൽ ആറാമതുള്ള സ്റ്റെഫൻ കറിയുടേത് 74.4 മില്യൻ ഡോളറും കെവിൻ ഡുറാന്റിന്റേത് 63.9 മില്യൻ ഡോളറും ആണ്. ഗോൾഫ് ഇതിഹാസതാരം ടൈഗർ വുഡ്സ് 62.3 മില്യൻ ഡോളറും ആയി എട്ടാമത് നിൽക്കുമ്പോൾ അമേരിക്കൻ ഫുട്‌ബോൾ താരങ്ങൾ ആണ് ഒമ്പത് പത്ത് സ്ഥാനങ്ങളിൽ. 60.5 മില്യൻ ഡോളർ വാർഷിക വരുമാനമുള്ള കിർക്ക് കസിൻസ് ഒമ്പതാമത് നിൽക്കുമ്പോൾ 59.1 മില്യൻ ഡോളർ വരുമാനമുള്ള കാർസൻ വെന്റ്‌സ് പത്താമത് ആണ്.

Advertisement