കൊറോണ കാരണം 124 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബോസ്റ്റൺ മാരത്തോൺ റദ്ദാക്കി

- Advertisement -

124 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഈ വർഷത്തെ വിഖ്യാതമായ ബോസ്റ്റൺ മാരത്തോൺ റദ്ദാക്കി. കോവിഡ് 19 മഹാമാരി കാരണം ആണ് മാരത്തോൺ റദ്ദാക്കാൻ അധികൃതർ നിർബന്ധിതമായത്. ആദ്യം ഏപ്രിൽ 20 തിൽ നിന്നു സെപ്റ്റംബർ 14 നീട്ടി വച്ച ശേഷം മാരത്തോൺ റദ്ദാക്കാൻ ബോസ്റ്റൺ അത്ലറ്റിക് അസോസിയേഷൻ തീരുമാനിക്കുക ആയിരുന്നു. മത്സരാർത്ഥികൾ, മാച്ച് ഒഫിഷ്യൽസ്, ആരാധകർ എന്നിവരുടെ ജീവനും ആരോഗ്യവും ആണ് തങ്ങൾക്ക് വലുത് എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം മുമ്പ് തന്നെ മാരത്തോൺ കാണാൻ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നൽകും എന്നും അധികൃതർ വ്യക്തമാക്കി. വിർച്വൽ രീതിയിൽ മത്സരങ്ങൾ നടത്തും എന്ന് അറിയിച്ച അധികൃതർ സെപ്റ്റംബർ 7 മുതൽ 14 വരെ 42 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ഓടിയത് ആയി തെളിയിക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡൽ നൽകും എന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകൾ ആണ് ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കുന്നത്. 2013 ൽ ബോസ്റ്റൺ മാരത്തോണിനിടെയിൽ ഉണ്ടായ തീവ്രവാദി ആക്രമണം വലിയ വാർത്ത ആയിരുന്നു. കൊറോണ മൂലം കായികലോകത്തിന് ഉണ്ടായ മറ്റൊരു വലിയ നഷ്ടം ആയി ബോസ്റ്റൺ മാരത്തോൺ.

Advertisement