റോളാണ്ട് ഗാരോസിൽ നൊമ്പരമായി സ്വെരേവ്, റാഫ ഫൈനലിൽ

Picsart 22 06 03 21 50 45 772

പാരിസിൽ കോർട്ട് ഫിലിപ്പ് ചർട്രിയറിൽ ആദ്യ സെമിയിലെ ആദ്യ സെറ്റിൽ നദാൽ ടൈ ബ്രേക്കറിൽ സ്‌വേറെവിനെ തോൽപ്പിച്ചു എന്നു പറഞ്ഞാൽ അത് ടെന്നീസ് അല്ലാതാകും. ടൈ ബ്രേക്കർ 10-8ന് വിജയിക്കാനായി നദാൽ പായിച്ച പാസിംഗ് ഷോട്ടാണ് ആ സെറ്റിലെ ഏറ്റവും മനോഹരമായ ഷോട്ട്. സ്‌വേറെവിന് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. സെറ്റിലെ ആദ്യ ഗെയിമിൽ സ്‍വേറെവ് ബ്രേക്ക് ചെയ്തു തുടങ്ങിയപ്പോൾ മറ്റൊരു ഫലമാണ് കാണികൾ പ്രതീക്ഷിച്ചത്. മാത്രവുമല്ല പിന്നീടുള്ള ഗെയിമുകൾ നദാൽ തീരെ ആത്മവിശ്വാസം ഇല്ലാതെയാണ് കളിച്ചത്. എട്ടാമത്തെ ഗെയിമിൽ നദാൽ തിരിച്ചു ബ്രേക്ക് ചെയ്തു ഗെയിമിലേക്ക് വന്നെങ്കിലും, നദാൽ തന്റെ തനതായ കളി പുറത്തെടുത്തില്ല. പിന്നീട് ടൈ ബ്രേക്കറിൽ 2-6 പുറകിൽ നിന്ന ശേഷം 5 സെർവുകൾ വിജയിച്ചു കളിയിലേക്ക് തിരിച്ചു വന്നു.
20220603 214557
രണ്ടാമത്തെ സെറ്റിൽ ആദ്യ ഗെയിമിൽ സ്വരേവിനെ ബ്രേക്ക് ചെയ്തു പകരം വീട്ടി നദാൽ തുടങ്ങിയെങ്കിലും, രണ്ടാം ഗയിമിൽ സ്വെരവ് തിരിച്ചു ബ്രേക് ചെയ്തു. മൂന്നാമത്തെ ഗെയിം നദാൽ വീണ്ടും ബ്രേക്ക് ചെയ്തു ചെറുപ്പക്കാരനെ തളർത്തി. പോയിന്റ് നേടിയ അവസാന റാലിയിൽ രണ്ട് പേരും കളിച്ചത് അസാധ്യമായ ടെന്നിസാണ്. നാലാം ഗെയിം തിരിച്ചു ബ്രേക്ക് ചെയ്താണ് സ്വെരവ് മറുപടി നൽകിയത്. വീണ്ടും ഓരോ തവണ കൂടി പരസ്പരം ബ്രേക്ക് ചെയ്ത സെറ്റ് പക്ഷെ സ്‌വേറെവ് അടുപ്പിച്ചു രണ്ടു തവണ ബ്രേക്ക് ചെയ്ത് സ്വന്തമാക്കും എന്നു കരുതിയപ്പോൾ തിരിച്ചു വരവിന്റെ രാജാവായ നദാൽ സെറ്റ് 5-5 എന്നാക്കി. സെറ്റ് ടൈ ബ്രേക്കറിൽ കടന്ന നിമിഷമായിരുന്നു സ്വെരവിനു പരിക്ക് പറ്റിയത്. കാണങ്കാലിൽ ഏറ്റ പരിക്ക് എത്ര ഗുരുതരമാണെന്ന് ആർക്കും മനസ്സിലായില്ല. വീൽ ചെയറിൽ കോർട്ടിനു പുറത്തേക്ക് പോയ സാഷ പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചു വന്നത് ക്രചസിലാണ്. വേദനാജനകമായ ഒരു കാഴ്ചയായിരിന്നു അതു. അമ്പയർക്കു കൈ കൊടുത്തു, നദാലിനെ ആലിംഗനം ചെയ്ത് സ്വെരവ് കളിയിൽ നിന്നു പിന്മാറി. നദാൽ ആരാധകർക്ക് പോലും കണ്ണീരോടെയല്ലാതെ ആ കാഴ്ച കാണാൻ പറ്റുമായിരുന്നില്ല.
20220603 215641
താൻ ഫൈനലിലേക്ക് കടന്നെങ്കിലും ഇങ്ങനെ വേണ്ടിയിരുന്നില്ല എന്നു നദാൽ പോലും പറഞ്ഞു. സ്വെരേവ് എത്ര നല്ല കളിക്കാരനാണ് എന്നു കഴിഞ്ഞ 3 മണിക്കൂറിൽ നമ്മൾ കണ്ടതാണ് എന്നു നദാൽ സൂചിപ്പിച്ചു. തന്റെ 36ആം പിറന്നാൾ ദിനം വീണ്ടും ഒരു ഫ്രഞ്ച് ഓപ്പണ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ് കിംഗ്‌ ഓഫ് ക്ലേ. സ്കോർ: 7(10)/6(8), 6/6 (RET Zverev).

ഹാപ്പി ബർത്ഡേ ചാമ്പ്യൻ ആൻഡ് ഗുഡ് ലക്ക്. ഗെറ്റ് വെൽ സൂണ് സാഷ.