ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം നേടി വൈൾഡ് കാർഡ് ആയി എത്തിയ ഫ്രഞ്ച് താരങ്ങൾ ആയ കരോളിന ഗാർസിയ, ക്രിസ്റ്റീന മ്ലാഡനോവിച് സഖ്യം. ഫൈനലിൽ എട്ടാം സീഡ് ആയ അമേരിക്കൻ സഖ്യം കൊക്കോ ഗോഫ്, ജെസിക്ക പെഗ്യുല സഖ്യത്തെ ആണ് അവർ തോൽപ്പിച്ചത്. വനിത സിംഗിൾസ് ഫൈനൽ പരാജയം നേരിട്ട ഗോഫിന് ഡബിൾസിലും ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നു. മൂന്നു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് ഫ്രഞ്ച് സഖ്യം മത്സരത്തിൽ ജയിച്ചത്.
ആദ്യ സെറ്റ് 6-2 നു അമേരിക്കൻ സഖ്യം നേടിയപ്പോൾ രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-2 നും നേടി ഫ്രഞ്ച് സഖ്യം കിരീടം ഉയർത്തുക ആയിരുന്നു. 4 തവണ ബ്രൈക്ക് വഴങ്ങിയ ഫ്രഞ്ച് സഖ്യം 5 തവണ എതിരാളികളുടെ സർവീസിൽ ബ്രൈക്ക് കണ്ടത്തി. വനിത ഡബിൾസിൽ തന്റെ ആറാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് ക്രിസ്റ്റീന മ്ലാഡനോവിചിന് ഇത്. കരോളിന ഗാർസിയയും ആയി ചേർന്നു താരത്തിന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടവും ആണ് ഇത്.