വനിത ടെന്നീസിൽ തന്റെ അപ്രമാദിത്വം ഒരിക്കൽ കൂടി ഉറപ്പിച്ചു പോളണ്ട് താരം ഇഗ സ്വിറ്റെക്. കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. ഫൈനലിൽ 12 സീഡ് ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനിയെ 6-2, 6-1 എന്ന സ്കോറിന് തകർത്തു ആണ് ഇഗ കിരീടം ഉയർത്തിയത്. ആദ്യ സെറ്റിൽ ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും തുടർന്ന് തുടർച്ചയായ 10 ഗെയിമുകൾ ജയിച്ച ഇഗ 6-2, 5-0 എന്ന നിലയിൽ മുന്നിലെത്തി.
തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിന് ശേഷം ഇഗ തന്റെ സർവീസ് നിലനിർത്തി മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്റെ അഞ്ചാം ഗ്രാന്റ് സ്ലാം കിരീടം കൂടിയാണ് ഇഗക്ക് ഇത്. കളിമണ്ണ് മൈതാനത്ത് തന്റെ ആധിപത്യം പുലർത്തുന്ന ഇഗ നാലു ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരവുമായി ഇഗ. അതേസമയം വനിത ഡബിൾസിൽ ഫൈനൽ ബാക്കിയുള്ള ജാസ്‌മിൻ അവിടെ കിരീടം ഉയർത്താൻ ആവും ശ്രമിക്കുക. ഈ യുഗത്തിൽ വനിത ടെന്നീസിലെ താരം താൻ തന്നെയാണ് എന്നു ഇഗ ഒരിക്കൽ കൂടി തെളിയിച്ചു. ഒസാക്കക്ക് എതിരെ മാച്ച് പോയിന്റ് രക്ഷിച്ച ശേഷമാണ് ഇഗ കിരീടം ഉയർത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.