ഇത്തവണ ഫ്രഞ്ച് ഓപ്പൺ കിരീടം മറ്റാരും മോഹിക്കണ്ട എന്ന വ്യക്തമായ സൂചന കളത്തിൽ ഒരിക്കൽ കൂടി നൽകി ഒന്നാം സീഡ് സിമോണ ഹാലപ്പ്. കളിമണ്ണ് കോർട്ടിൽ ഈ വർഷം തോൽവി അറിയാത്ത ഹാലപ്പ് റോളണ്ട് ഗാരോസിലും തന്റെ മികവ് തുടരുക ആണ്. 25 സീഡ് ആയ അമേരിക്കൻ താരം അമാന്ത അനിസിമോവയെ വെറും 50 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഹാലപ്പ് എതിരാളിക്ക് നൽകിയത് വെറും ഒരു പോയിന്റ് മാത്രം ആയിരുന്നു. ആറു തവണ അമേരിക്കൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഹാലപ്പ് 6-0 നു ആദ്യ സെറ്റും 6-1 നു രണ്ടാം സെറ്റും സ്വന്തമാക്കി അവസാന പതിനാറിലേക്ക് മുന്നേറുക ആയിരുന്നു. ദയയില്ലാത്ത പ്രകടനങ്ങൾ കൊണ്ട് കിരീടം മാത്രം ആണ് തന്റെ ലക്ഷ്യം എന്നു പ്രഖ്യാപിക്കുക ആണ് റൊമാനിയൻ താരം.
27 സീഡ് റഷ്യൻ താരം അലക്‌സാൻഡ്രോവിയാക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഉക്രൈൻ താരവും മൂന്നാം സീഡുമായ എലീന സ്വിറ്റോലീന മൂന്നാം റൗണ്ടിൽ ജയം കണ്ടത്. ആദ്യ സെറ്റിൽ എതിരാളിയെ ബ്രൈക്ക് ചെയ്തു 6-4 നു സെറ്റ് നേടിയ സ്വിറ്റോലീന, രണ്ടാം സെറ്റിൽ ബ്രൈക്ക് നേരിട്ടു എങ്കിലും രണ്ടു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. അന്ന കരോളിനയെ 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തി അർജന്റീനൻ താരം നാദിയ പോഡോറോസ്ക, യൂജിൻ ബൗച്ചാർടിനെ 6-3, 6-2 എന്ന സ്കോറിന് മറികടന്നു ഇഗ സ്വിയാറ്റക് എന്നിവരും അവസാന പതിനാറിൽ എത്തി.