ഫ്രഞ്ച് ഓപ്പണിൽ നിന്നു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച് പിന്മാറി. പരിക്കേറ്റിട്ടും അവസാന പതിനാറിൽ 5 സെറ്റ് മാരത്തോൺ പോരാട്ടത്തിന് ഒടുവിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ജ്യോക്കോവിച് പക്ഷെ ഇന്ന് പിന്മാറുക ആണെന്ന് പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ ഏഴാം സീഡ് കാസ്പർ റൂഡ് സെമിഫൈനലിലേക്ക് മുന്നേറി. അതേസമയം ഇതോടെ ജ്യോക്കോവിച്ചിന്റെ ലോക ഒന്നാം നമ്പർ പദവിയും നഷ്ടമാകും. ഇറ്റാലിയൻ താരം യാനിക് സിന്നർ ലോക ഒന്നാം നമ്പറിൽ എത്തും.
ക്വാർട്ടർ ഫൈനലിൽ ദിമിത്രോവിനെ തകർത്ത സിന്നർ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടും ഉണ്ട്. 6-2, 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു സിന്നറിന്റെ ജയം. സെമിയിൽ 5 സെറ്റ് പോരാട്ടത്തിൽ 13 സീഡ് ഹോൾഗർ റൂണെയെ മറികടന്ന നാലാം സീഡ് സാഷ സെരവിനെ ആണ് സിന്നർ നേരിടുക. അതേസമയം വനിതകളുടെ ആദ്യ സെമിയിൽ ഒന്നാം സീഡ് ഇഗ സ്വിറ്റെകും മൂന്നാം സീഡ് കൊക്കോ ഗോഫും തമ്മിൽ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കനത്ത പോരാട്ടം ആവും ഉണ്ടാവുക.