കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ഫൈനലിൽ നാലാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സാഷ സെരവിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ മറികടന്നു ആണ് അൽകാരസ് തന്റെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടത്തിൽ മുത്തം ഇട്ടത്. ആദ്യ സെറ്റിൽ തന്റെ മികവ് കാണിച്ച 21 കാരൻ സാഷയുടെ സർവീസ് ഭേദിച്ചു, സാഷക്ക് ഒരു തവണ തിരിച്ചു ബ്രേക്ക് ചെയ്യാൻ ആയെങ്കിലും വീണ്ടും ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ നീളൻ റാലികളിൽ മികവ് കാണിച്ച സാഷ രണ്ടു തവണ അൽകാരസിന്റെ സർവീസ് ഭേദിച്ചു സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർച്ചയായി 5 ഗെയിമുകൾ ആണ് സാഷ ജയം കണ്ടത്.
തന്റെ മികച്ച ഡ്രോപ്പ് ഷോട്ടുകൾ ഇന്നും അൽകാരസ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ മികച്ച പ്രതിരോധം ആണ് സാഷ ഉയർത്തിയത്. മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് 5-3 നു മുന്നിലെത്തി. എന്നാൽ തുടർന്ന് ബ്രേക്ക് തിരിച്ചു പിടിച്ച സാഷ തുടർച്ചയായി ഗെയിമുകൾ ജയിച്ചു, ഒരിക്കൽ കൂടി ബ്രേക്ക് കണ്ടെത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ വലിയ മുൻതൂക്കം നേടി. അൽകാരസ് പലപ്പോഴും നിരാശനായി കണ്ടപ്പോൾ സാഷ തന്റെ മികവ് കാണിക്കുന്നത് ആണ് കാണാൻ ആയത്. നാലാം സെറ്റിൽ പക്ഷെ അൽകാരസ് കളിയുടെ ഗിയർ മാറ്റി. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ താരം ഒരു തവണ സർവീസ് കൈവിട്ടു എങ്കിലും സെറ്റ് 6-1 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിലും തന്റെ സർവീസിൽ ഇടക്ക് പതറിയെങ്കിലും അൽകാരസ് തന്റെ മികവ് തുടർന്നു. ബ്രേക്ക് പോയിന്റുകൾ കഷ്ടപ്പെട്ട് രക്ഷിച്ച അൽകാരസ് സാഷയുടെ സർവീസുകളിൽ ബ്രേക്കും കണ്ടെത്തി. ഒടുവിൽ 6-2 നു സെറ്റ് നേടി മത്സരം സ്വന്തമാക്കിയ അൽകാരസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുക ആയിരുന്നു. സ്വന്തം സർവീസിൽ ഇരു താരങ്ങളും പതറുന്ന കളിയാണ് ഇന്ന് കണ്ടത്. 23 ബ്രേക്ക് പോയിന്റ് ലഭിച്ചതിൽ 6 എണ്ണം മാത്രം മുതലാക്കാൻ ആണ് സാഷക്ക് ആയത് അതേസമയം ലഭിച്ച 16 അവസരങ്ങളിൽ 9 എണ്ണവും അൽകാരസ് മുതലാക്കി. കരിയറിൽ കളിച്ച 3 ഗ്രാന്റ് സ്ലാം ഫൈനലുകളും ജയിക്കാൻ അൽകാരസിന് ആയപ്പോൾ കളിച്ച രണ്ടാം ഫൈനലും സാഷ പരാജയപ്പെട്ടു. ഹാർഡ് കോർട്ടിലും പുൽ മൈതാനത്തിലും കളിമണ്ണ് മൈതാനത്തിലും ഗ്രാന്റ് സ്ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് ഇതോടെ മാറി.