വിടവാങ്ങൽ പ്രസംഗത്തിന് ഇടയിൽ വിങ്ങി പൊട്ടി റോജർ ഫെഡറർ

തന്റെ കരിയറിലെ അവസാന മത്സരത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ വിങ്ങി പൊട്ടി റോജർ ഫെഡറർ. മത്സരശേഷം കോർട്ടിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനു ഇടയിൽ നിരവധി തവണയാണ് ഫെഡറർ കണ്ണീർ വാർത്തത്. ഇത് പോലൊരു ടീമിനൊപ്പം ചേർന്ന് കളിച്ചു കരിയറിന് വിട പറയാൻ സാധിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നു പറഞ്ഞ ഫെഡറർ താൻ ഇന്ന് സന്തോഷവാൻ ആണെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്.

റോജർ ഫെഡറർ

സഹതാരങ്ങളെയും ഇതിഹാസ താരങ്ങളെയും ഓരോരുത്തരായി പേരെടുത്ത് പറഞ്ഞു നന്ദി പറഞ്ഞു ഫെഡറർ. സിംഗിൾസ് മത്സരത്തിന്റെ ഏകാന്തതയെക്കാൾ താൻ ടീം ഒരുമ ആസ്വദിക്കുന്നത് ആയി പറഞ്ഞ ഫെഡറർ എപ്പോഴും താൻ ഒരു ടീം താരം ആണെന്നും കൂട്ടിച്ചേർത്തു. ലേവർ കപ്പിൽ തന്റെ സഹതാരങ്ങൾക്കും എതിർ ടീമിന്റെ താരങ്ങൾക്കും ഇതിഹാസ താരം നന്ദി രേഖപ്പെടുത്തി. എന്നാൽ പ്രസംഗം പുരോഗമിക്കുന്നതിനു അനുസരിച്ച് കണ്ണീർ വാർക്കുന്ന ഫെഡററെ ആണ് പിന്നീട് കാണാൻ ആയത്.

തന്നെ വർഷങ്ങളോളം പിന്തുണച്ച ആരാധകർക്കും സഹതാരങ്ങൾക്കും എല്ലാവർക്കും നന്ദി പറഞ്ഞ ഫെഡറർ തന്റെ കുടുംബത്തെ കുറിച്ചും ടീമിനെക്കുറിച്ചും പറഞ്ഞു തുടങ്ങിയപ്പോൾ കൂടുതൽ വികാരീതനായി. താൻ ഇത്രയും കാലം ടെന്നീസ് അവസാനിപ്പിക്കാതിരിക്കാൻ ഏക കാരണം ഭാര്യയും കുടുംബവും നൽകിയ പിന്തുണ ആണെന്ന് ആവർത്തിച്ചു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഭാര്യക്കും ടീമിനും തീർത്താൽ തീരാത്ത നന്ദി രേഖപ്പെടുത്തിയ ഫെഡറർ വാക്കുകൾ കിട്ടാതെ പലപ്പോഴും പതറി. കണ്ടിരുന്ന ഏതൊരു ടെന്നീസ് ആരാധകന്റെയും കണ്ണിൽ നിന്നും കണ്ണീർ വരുന്ന തരത്തിൽ വിങ്ങി പൊട്ടുക ആയിരുന്നു ഫെഡറർ പ്രസംഗത്തിന് ഇടയിൽ.