മൂന്ന് വർഷങ്ങൾക്ക് ശേഷം കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തിയ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. കടുപ്പമേറിയ മത്സരത്തിൽ നാട്ടുകാരനായ സ്റ്റാൻ വാവ്റിങ്കയെയാണ് ഫെഡറർ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നത്. സ്‌കോർ 7-6, 4-6, 7-6, 6-4. മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്ലേകോർട്ടിലെ രാജാവ് എന്ന വിശേഷണമുള്ള റാഫേൽ നദാൽ ജപ്പാന്റെ നിഷിക്കോരിയെ തകർത്ത് സെമി ടിക്കറ്റ് ഉറപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് 6-1, 6-1, 6-3 എന്നിങ്ങനെയുള്ള സ്കോറിനാണ് നദാൽ ജയിച്ചത്. ഇതോടെ കായികരംഗത്തെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങി.
2009 ല് മാത്രമാണ് നദാലിനെതിരെ ക്ലേ കോർട്ടിൽ ഫെഡറർക്ക് വിജയിക്കാൻ ആയിട്ടുള്ളത്. എന്നാൽ സമീപകാലത്ത് ഏറ്റുമുട്ടിയ മത്സരങ്ങളിൽ എല്ലാം തന്നെ നദാലിനെ കീഴടക്കാൻ കഴിഞ്ഞത് ഫെഡറർ ക്യാമ്പിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച് അലക്‌സാണ്ടർ സ്വരേവിനേയും, ഡൊമിനിക് തിം കാഞ്ചനോവിനേയും നേരിടും.
വനിതാ വിഭാഗത്തിൽ സീഡ് ചെയ്യപ്പെടാത്ത വോൻഡ്രുസോവയും, സ്റ്റീഫൻസിനെ തോൽപ്പിച്ച് കോണ്ടയും സെമി ഉറപ്പാക്കി. ഇന്ന് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ കിരീടം നിലനിർത്താൻ ശ്രമിക്കുന്ന സിമോണ ഹാലെപ് അനിസിമോവയെയും, ബാർട്ടി കീസിനെയും നേരിടും.