ടെന്നീസ് ലോകം കണ്ട ഏറ്റവും മികച്ച ഡബിള്‍സ് ജോഡിയായ ബ്രയാന്‍ സഹോദരന്മാര്‍ വിരമിച്ചു

- Advertisement -

ടെന്നീസ് പുരുഷ ഡബിൽസിലെ എക്കാലത്തെയും മഹത്തായ താരങ്ങൾ ആയ ബ്രയാൻ സഹോദരങ്ങൾ ടെന്നീസിനോട് വിട പറഞ്ഞു. 5 യു.എസ് ഓപ്പൺ അടക്കം 16 തവണ ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആയ മൈക്ക്, ബോബ് ബ്രയാൻ സഹോദരങ്ങൾ ടെന്നീസ് പുരുഷ ഡബിൾസിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാമുകൾ നേടിയ ജോഡി കൂടിയാണ്. നിലവിൽ 42 വയസ്സ് ആയ സഹോദരങ്ങൾ ഈ വർഷത്തെ യു.എസ് ഓപ്പണിൽ കളിക്കുന്നില്ല എന്നത് വിരമിക്കൽ പ്രഖ്യാപനം ഉണ്ടാവും എന്നതിന് സൂചന നൽകി. കോവിഡ് മൂലം ടെന്നീസ് നിർത്തുന്നതിനു മുമ്പ് അമേരിക്കക്ക് ആയി ഡേവിസ് കപ്പ് യോഗ്യത നേടി കൊടുത്ത് കൊണ്ട് ജയത്തോടെ ആണ് ഇരുവരും നീണ്ട കരിയറിന് വിരാമം കുറിക്കുന്നത്.

ശരിയായ സമയത്ത് ആണ് തങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുന്നത് എന്നു പ്രഖ്യാപിച്ച സഹോദരങ്ങൾ, ഈ പ്രായത്തിൽ കളത്തിലേക്ക് ഇറങ്ങാൻ കൂടുതൽ ശാരീരിക ക്ഷമത ആവശ്യമാണ് എന്നും കൂട്ടിച്ചേർത്തു. ഏതാണ്ട് ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ ഇരുവരും ചേർന്ന് 1100 ലേറെ ജയങ്ങൾ ആണ് സ്വന്തമാക്കിയത്. 119 കിരീടങ്ങൾ ഈ കാലയളവിൽ നേടിയ ഇരുവരും അമേരിക്കക്ക് ആയി ഒളിമ്പിക്‌സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2003 ൽ ഫ്രഞ്ച് ഓപ്പണിലൂടെയാണ് ഇരുവരും തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം നേട്ടം കൈവരിക്കുന്നത് തുടർന്ന് 2006 ൽ വിംബിൾഡൺ നീട്ടിക്കൊണ്ടു അവർ കരിയർ ഗ്രാന്റ് സ്‌ലാം എന്ന നേട്ടവും പൂർത്തിയാക്കി.

ഇതിനു പുറമെ എ. ടി. പി 1000 മാസ്റ്റേഴ്സ് 39 തവണയാണ് ബ്രയാൻ സഹോദരങ്ങൾ നേടിയത്. 2014 ൽ ഷാങ്ഹായ് 1000 മാസ്റ്റേഴ്സ് നേടിയ അവർ ചരിത്രത്തിൽ ആദ്യമായി ഡബിൾസ്, സിംഗിൾസ് ഏത് വിഭാഗത്തിലും ഗോൾഡൻ മാസ്റ്റേഴ്സ് നേടുന്ന ആദ്യ താരങ്ങൾ ആയും മാറിയിരുന്നു. 4 ലോക ടൂർ ഫൈനലുകൾ ജയിച്ച അവർ, അമേരിക്കക്ക് ആയി 2007 ൽ ഡേവിസ് കപ്പ് ജയത്തിലും പങ്കാളികൾ ആയി. 438 ആഴ്ച ലോക ഒന്നാം നമ്പർ ആയിരുന്ന ബ്രയാൻ സഹോദരങ്ങളുടെ പേരിൽ ആണ് ആ റെക്കോർഡും. കഴിഞ്ഞ വർഷം ഈ വർഷത്തെ യു.എസ് ഓപ്പണിനു ശേഷം ടെന്നീസിൽ നിന്നു വിരമിക്കും എന്നു പ്രഖ്യാപിച്ച സഹോദരങ്ങൾക്ക് കോവിഡ് തിരിച്ചടി ആയി. സ്വന്തം മണ്ണിൽ അവസാന ഗ്രാന്റ് സ്‌ലാമിലൂടെ വിരമിക്കാനുള്ള അവസരം ബ്രയാൻ സഹോദരങ്ങൾക്ക് ലഭിക്കാത്തതിൽ ആരാധകർ നിരാശയിലാണ്.

Advertisement