ടെന്നീസിലെ ഈ ഇടവേള ഫെഡറർ, നദാൽ എന്നിവരെക്കാൾ ജ്യോക്കോവിച്ചിനെ ആണ് സഹായിക്കുക ~ ബോറിസ് ബെക്കർ

Wasim Akram

കൊറോണ വൈറസ് മൂലമുള്ള ഇടവേള റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരെയാണ് നൊവാക് ജ്യോക്കോവിച്ചിനെക്കാൾ ബാധിക്കുക എന്നു മുൻ ലോക ഒന്നാം നമ്പറും ജ്യോക്കോവിച്ചിന്റെ മുൻ പരിശീലകനും ആയ ഇതിഹാസ താരം ബോറിസ് ബെക്കർ. നിലവിൽ കൊറോണ മൂലം എ. ടി. പി, ഡബ്യു.ടി. എ ടൂറുകൾ ജൂലൈ 13 വരെ നിർത്തി വച്ചിരിക്കുക ആണ്. പ്രായം കൂടുന്നത് ഫെഡറർക്ക് വിനയാകും എന്നു പറഞ്ഞ ബോറിസ് അടുത്ത വർഷം 40 വയസ്സ് ആവുന്ന ഫെഡററെ സംബന്ധിച്ച് ഗ്രാന്റ് സ്‌ലാം നേട്ടം എന്നത് വലിയ പ്രയാസമുള്ള കാര്യം ആവും എന്നും പറഞ്ഞു. അതേസമയം ഫ്രഞ്ച് ഓപ്പൺ അടക്കം കളിമണ്ണ് കോർട്ടിലെ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത് നദാലിന് വലിയ തിരിച്ചടി ആണെന്നാണ് ജർമ്മൻ ഇതിഹാസ താരത്തിന്റെ പക്ഷം. നിലവിൽ ഫ്രഞ്ച് ഓപ്പൺ ഉപേക്ഷിച്ചില്ല എങ്കിലും നടക്കാനുള്ള സാധ്യത വിരളമാണ്.

ഈ വർഷം 3 ഗ്രാന്റ് സ്‌ലാമുകളും നടക്കില്ല എങ്കിൽ അത് വരുന്ന തലമുറ താരങ്ങൾക്ക് ഊർജ്ജം ആവും എന്നും ബോറിസ് വ്യക്തമാക്കി. ഇത്തരം ഒരു ഇടവേള പക്ഷെ ജ്യോക്കോവിച്ചിനു വലിയ പ്രശ്നം ആവില്ല എന്നാണ് ജർമ്മൻ ഇതിഹാസത്തിന്റെ പ്രതീക്ഷ. അതേസമയം പരിക്കിൽ നിന്ന് സമീപകാലത്ത് തിരിച്ചു വന്ന ബ്രിട്ടീഷ് താരം ആന്റി മറെക്ക് ഈ ഇടവേള വലിയ ഗുണം ആവും എന്ന പ്രതീക്ഷയും ബോറിസ് പങ്ക് വച്ചു. ഈ കാലയളവിൽ മികച്ച ശാരീരിക ക്ഷമത വീണ്ടെടുക്കാനും മികച്ച ടെന്നീസ് മികവിലേക്ക് തിരിച്ചു വരാനും ബ്രിട്ടീഷ് താരത്തിന് ആവും എന്നു ജർമ്മൻ ഇതിഹാസം പറഞ്ഞു.