ഓസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ട് തീ ലോകത്തിനു മുന്നിൽ വലിയ സൂചനയാണ് നൽകിയത്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും ഉണ്ടാക്കിയ നഷ്ടങ്ങൾ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെയാണ് നാശം വിതച്ചത്. അതിനാൽ തന്നെ വർഷത്തിലെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പണിന് മുമ്പ് ആ ദുരന്തത്തിൽ പെട്ടവർക്ക് സഹായവുമായി ടെന്നീസ് ലോകവും ഒന്നായി ആണ് മുന്നോട്ടു വന്നത്. ടെന്നീസ് ഓസ്‌ട്രേലിയ പൈസ സമാഹരിക്കാൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ പല പ്രമുഖതാരങ്ങൾ വലിയ സഹായവുമായി ആണ് രംഗത്ത് വന്നത്. അതിൽ റോജർ ഫെഡറർ മുതൽ നിക് ക്യൂരിയോസ് വരെയുള്ള പ്രമുഖ താരങ്ങൾ ഒക്കെയുണ്ട്.
അതിനിടെയാണ് ഇന്നത്തെ മത്സരശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ചാൽ ലഭിക്കുന്ന മുഴുവൻ പണവും കാട്ട് തീ ദുരന്തത്തിൽ പെട്ടവർക്ക് നൽകും എന്ന പ്രഖ്യാപനവുമായി ജർമ്മൻ യുവതാരവും 7 സീഡുമായ അലക്‌സാണ്ടർ സെവർവ്വ് രംഗത്ത് എത്തിയത്. കൂടാതെ ഓരോ മത്സരം ജയിക്കുമ്പോൾ 10,000(500000 രൂപ) വീതം ഓസ്‌ട്രേലിയൻ ഡോളർ അവർക്ക് സംഭാവന ആയി നൽകും എന്നും സാഷ കൂട്ടിച്ചേർത്തു. താൻ ഓസ്‌ട്രേലിയൻ ഓപ്പൺ ജയിക്കാനുള്ള സാധ്യത വിരളമാണെന്ന് മനസ്സിലാക്കുന്നു എന്ന് കൂട്ടിച്ചേർത്ത സാഷ പക്ഷെ ജയിക്കാൻ ആയി താൻ പരമാവധി ശ്രമിക്കും എന്നും കൂട്ടിച്ചേർത്തു. 4,120,000 ഓസ്‌ട്രേലിയൻ ഡോളർ ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ചാലുള്ള സമ്മാനത്തുക. ഏതാണ്ട് 20 കോടി ഇന്ത്യൻ രൂപ അടുത്ത് വരും ഇത്.