ചൊവ്വാഴ്ച നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യുവതാരം ലേണർ ടിയാനെ പരാജയപ്പെടുത്തി അലക്സാണ്ടർ സ്വെരേവ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു. നാല് സെറ്റുകൾ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ 6-3, 6-7(5), 6-1, 7-6(3) എന്ന സ്കോറിനായിരുന്നു ജർമ്മൻ താരത്തിന്റെ വിജയം. ഇതോടെ തുടർച്ചയായ നാലാം തവണയാണ് സ്വെരേവ് ഈ ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യാനിക്ക് സിന്നറോട് പരാജയപ്പെട്ട സ്വെരേവ്, ഇത്തവണ കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
സെമിഫൈനലിൽ കാർലോസ് അൽകാരസ് – അലക്സ് ഡി മിനോർ മത്സരത്തിലെ വിജയിയെയാണ് സ്വെരേവ് നേരിടുക. മത്സരത്തിന്റെ ആദ്യ സെറ്റിലും മൂന്നാം സെറ്റിലും ടിയാന്റെ സർവീസുകൾ ബ്രേക്ക് ചെയ്തുകൊണ്ട് സ്വെരേവ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു.
എന്നാൽ രണ്ടാം സെറ്റിൽ ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ ടിയാൻ സ്വെരേവിന് വലിയ വെല്ലുവിളി ഉയർത്തി. നിർണ്ണായകമായ നാലാം സെറ്റിലും കളി ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും തന്റെ പരിചയസമ്പത്തും ശക്തമായ സർവീസുകളും ആയുധമാക്കി സ്വെരേവ് വിജയം പിടിച്ചെടുക്കുകയായിരുന്നു.









