ശക്തമായ പ്രകടനവുമായി സെരവ് ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ മറ്റൊരു ശക്തമായ പ്രകടനവും ആയി ജർമ്മൻ താരവും ആറാം സീഡും ആയ അലക്‌സാണ്ടർ സെരവ് അവസാന എട്ടിലേക്ക് മുന്നേറി. 23 സീഡും ക്രൊയേഷ്യൻ താരവും ആയ തുസാൻ ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് നാലാം റൗണ്ടിൽ തകർത്തത്. മത്സരത്തിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും തന്റെ സർവീസ് വളരെ നന്നായി മികച്ചത് ആക്കിയ സെരവ് 15 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാനും സെരവിനു ആയി.

ആദ്യ സെറ്റിൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ 6-4 നു സെറ്റ് സ്വന്തമാക്കിയ സെരവ് മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം ആണ് ക്രൊയേഷ്യൻ താരത്തിൽ നിന്നുണ്ടായത്. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് സ്വന്തം പേരിൽ കുറിച്ച ജർമ്മൻ താരം മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച സെരവ് സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന സെരവിന് ഈ പ്രകടനം വലിയ ആത്മവിശ്വാസം പകരും എന്നുറപ്പാണ്.