മുൻ വിംബിൾഡൺ ചാമ്പ്യനായ മാർക്കറ്റ വോൺഡ്രൂസോവ തോളിലെ പരിക്കിനെത്തുടർന്ന് 2026-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. ഹെയ്‌ലി ബാപ്റ്റിസ്റ്റുമായുള്ള ആദ്യ റൗണ്ട് മത്സരത്തിന് തൊട്ടുമുൻപാണ് താരം ഈ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. പരിക്കുകൾ തന്നെ വേട്ടയാടുന്നത് തുടരുകയാണെന്നും ഈ സാഹചര്യത്തിൽ തന്റെ ആരോഗ്യത്തിന് മുൻഗണന നൽകാനാണ് ആഗ്രഹിക്കുന്നതെന്നും ഇൻസ്റ്റാഗ്രാമിലൂടെ താരം വ്യക്തമാക്കി.
2025-ൽ ഇതേ തോളിലെ പരിക്കിനെത്തുടർന്ന് വോൺഡ്രൂസോവ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
ചെക്ക് താരമായ വോൺഡ്രൂസോവയുടെ പിന്മാറ്റത്തോടെ അമേരിക്കയുടെ ടെയ്‌ലർ ടൗൺസെന്റിന് ‘ലക്കി ലൂസർ’ (Lucky Loser) ആയി മെയിൻ ഡ്രോയിൽ ഇടം ലഭിച്ചു. ടൗൺസെന്റാകും ഇനി ഹെയ്‌ലി ബാപ്റ്റിസ്റ്റിനെ നേരിടുക. നേരത്തെ ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിയും പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. വയറിലെ പേശികൾക്കേറ്റ പരിക്കാണ് (Oblique injury) ബെറെറ്റിനിക്ക് തിരിച്ചടിയായത്. ഇതോടെ ഓസ്‌ട്രേലിയയുടെ പ്രാദേശിക പ്രതീക്ഷയായ അലക്സ് ഡി മിനോറിന് ആദ്യ റൗണ്ടിൽ മക്കെൻസി മക്ഡൊണാൾഡിനെ നേരിട്ടാൽ മതിയാകും.









