ഓസ്‌ട്രേലിയൻ ഓപ്പൺ: കൊക്കോ ഗോഫിനെ തോൽപ്പിച്ച് എലീന സ്വിറ്റോലിന സെമിഫൈനലിൽ

Newsroom

Resizedimage 2026 01 27 14 54 04 1


യുക്രേനിയൻ താരം എലീന സ്വിറ്റോലിന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡായ കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി പരാജയപ്പെടുത്തിയാണ് സ്വിറ്റോലിന തന്റെ കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ ഉറപ്പാക്കിയത്. വെറും 6-1, 6-2 എന്ന സ്കോറിനാണ് സ്വിറ്റോലിന അമേരിക്കൻ താരത്തെ നിലംപരിശയാക്കിയത്.

2026-ലെ ടെന്നീസ് സീസണിൽ ഇതുവരെ പരാജയം അറിയാത്ത സ്വിറ്റോലിന, ഈ ടൂർണമെന്റിൽ ഒരു സെറ്റ് പോലും വിട്ടുനൽകാരെയാണ് മുന്നേറുന്നത്. സ്വിറ്റോലിനയുടെ കരിയറിലെ നാലാമത്തെ ഗ്രാൻഡ് സ്‌ലാം സെമിഫൈനലാണിത്.
ലോക റാങ്കിംഗിലെ ആദ്യ പത്തിലുള്ള രണ്ട് താരങ്ങളെ ഗ്രാൻഡ് സ്‌ലാം ടൂർണമെന്റിൽ തുടർച്ചയായി പരാജയപ്പെടുത്തുന്ന അപൂർവ്വ നേട്ടവും ഈ വിജയത്തോടെ സ്വിറ്റോലിന സ്വന്തമാക്കി.

കരിയറിലെ 45-ാം തവണയാണ് താരം ആദ്യ പത്തിലുള്ള ഒരു കളിക്കാരെ തോൽപ്പിക്കുന്നത്. അമ്മയായതിന് ശേഷമുള്ള രണ്ടാം വരവിൽ സ്വിറ്റോലിന നടത്തിയ ഈ പോരാട്ടവീര്യം ടെന്നീസ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ വിജയത്തോടെ ലോക റാങ്കിംഗിൽ ആദ്യ പത്തിലേക്ക് തിരിച്ചെത്താനും സ്വിറ്റോലിനയ്ക്ക് സാധിച്ചു. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ആര്യന സെബലങ്കയാണ് സ്വിറ്റോലിനയുടെ എതിരാളി.