മെൽബൺ: നിലവിലെ ചാമ്പ്യനായ യാനിക് സിന്നർ തന്റെ കുതിപ്പ് തുടരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ പ്രീക്വാർട്ടറിൽ സഹതാരം ലൂസിയാനോ ഡാർഡേരിയെ പരാജയപ്പെടുത്തി (6-1, 6-3, 7-6) സിന്നർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മെൽബണിലെ 30 ഡിഗ്രി ചൂടിലും പതറാതെ കളിച്ച ലോക രണ്ടാം നമ്പർ താരം, ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ തുടർച്ചയായ 18-ാം വിജയമാണ് ഇന്ന് കുറിച്ചത്.
മാർഗരറ്റ് കോർട്ട് അരീനയിൽ നടന്ന മത്സരത്തിൽ 19 ഏസുകൾ പായിച്ചാണ് സിന്നർ തന്റെ സർവ്വിംഗിലെ കരുത്ത് തെളിയിച്ചത്. ആദ്യ രണ്ട് സെറ്റുകൾ അനായാസം സ്വന്തമാക്കിയെങ്കിലും മൂന്നാം സെറ്റിൽ ഡാർഡേരി ശക്തമായി തിരിച്ചുവന്നു. ടൈബ്രേക്കറിൽ ഒരു ഘട്ടത്തിൽ മുന്നിലായിരുന്ന ഡാർഡേരിയെ, തുടർച്ചയായി ഏഴ് പോയിന്റുകൾ നേടി സിന്നർ തകർക്കുകയായിരുന്നു. തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം പ്രീക്വാർട്ടർ കളിക്കുന്ന ഡാർഡേരി സിന്നർക്ക് നല്ലൊരു വെല്ലുവിളി ഉയർത്തിയെങ്കിലും ജയത്തിലേക്ക് എത്താൻ അത് മതിയായിരുന്നില്ല.
ക്വാർട്ടർ ഫൈനലിൽ ബെൻ ഷെൽട്ടൺ – കാസ്പർ റൂഡ് മത്സരത്തിലെ വിജയിയെയാണ് സിന്നർ നേരിടുക.









