നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യൻ രോഹൻ ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ പുതിയ പങ്കാളിയായ നിക്കോളാസ് ബാരിയൻ്റോസും ആദ്യ റൗണ്ടിൽ പുറത്തായി. 14-ാം സീഡായ ഇന്തോ-കൊളംബിയൻ സഖ്യം സ്‌പെയിനിൻ്റെ പെഡ്രോ മാർട്ടിനെസ്-ജൗം മുനാർ ജോഡിയോട് 7-5, 7-6 (6) എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.
രണ്ടാം സെറ്റിൽ പ്രതിരോധം പുറത്തെടുത്തെങ്കിലും ടൈ ബ്രേക്ക് ലീഡ് മുതലാക്കാനാവാതെ നിർണായക നിമിഷങ്ങളിൽ ബൊപ്പണ്ണയും ബാരിയൻ്റോസും പതറി. തൻ്റെ മുൻ പങ്കാളിയായ മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ നേടാനും ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലെത്താനും കഴിഞ്ഞ സീസണിൽ ബൊപ്പണ്ണയ്ക്ക് ആയിരുന്നു.
സിംഗിൾസ് വിഭാഗത്തിൽ സുമിത് നാഗലും നേരത്തെ പുറത്തായതോടെ മെൽബണിൽ ഇന്ത്യയുടെ പ്രചാരണത്തിന് വലിയ തിരിച്ചടിയാണിത്. ഇനി എൻ ശ്രീറാം ബാലാജിയും യുകി ഭാംബ്രിയും അടങ്ങുന്ന ഡബിൾസ് ജോഡികൾ ആണ് ടൂർണമെൻ്റിൽ രാജ്യത്തിൻ്റെ ശേഷിക്കുന്ന പ്രതീക്ഷ.