പരിക്കിന്റെ വേദന കടിച്ചമർത്തിക്കൊണ്ട് റാഫ നദാൽ അഞ്ചാം സെറ്റിൽ ആദ്യ സർവ്വീസ് ചെയ്യുന്നു, 3 ബ്രക്ക് പോയിന്റ് ആദ്യമെ നേടി സിലിച്ച് തന്റെ കരുത്ത് കാണിക്കുകയാണ്. സങ്കടത്തോടെ കമന്റേറ്റർ പറയുന്നു ‘സങ്കടമാണ് ഈ നദാലെ കാണാൻ, ലോക ഒന്നാം നമ്പറെ, ടെന്നീസ് ചരിത്രം കണ്ട എക്കാലത്തേയും മഹാനായ പോരാളിയെ ഇങ്ങനെ കാണാൻ. നദാൽ തോൽക്കട്ടെ പക്ഷെ അത് കഴിഞ്ഞ വർഷം റോജറിനെതിരെ തോറ്റ പോലെ പൊരുതി തന്നെയാവണം.’
കമന്റേറ്റർ ഇത് പറഞ്ഞ് തീരുന്നതിന് മുമ്പ് റാഫ ആരെന്ന് ലോകം വീണ്ടും കാണുകയായിരുന്നു. ഓരോ സർവ്വീസിന് മുമ്പും വേദന കടിച്ചമർത്തി ഓരോ ബ്രക്ക് പോയിന്റും തിരിച്ച് പിടിക്കുന്ന നദാലെ കണ്ടപ്പോൾ എന്തിനാണ് ഈ ചടങ്ങ് തീർക്കലെന്ന് ചെറുതായൊന്ന് സംശയിച്ചു. ഇതാ ബ്രക്ക് കിട്ടിയെന്ന് കരുതിയ സിലിച്ചിനെ പക്ഷെ 7 മിനിറ്റോളം റാഫ പിടിച്ച് നിർത്തിയത് കണ്ടപ്പോൾ തിരിച്ചറിയുകയായിരുന്നു ഇത് റാഫേൽ നദാലാണെന്ന്. സിലിച്ച് ബ്രക്ക് നേടിയപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി തിരിഞ്ഞ് നടക്കുന്ന റാഫയെ കണ്ടപ്പോൾ ഓർത്തതും അതാണ്. അയ്യാൾക്ക് അങ്ങനെയെ പോവാൻ പറ്റു, തോൽക്കുമെന്ന് 100 ശതമാനം ഉറപ്പായെടുത്തും, ശരീരം വേദന കൊണ്ട് തിരിച്ച് വിളിക്കുന്നിടെത്തും, പൊരുതി മാത്രം, മനസ്സും, ശരീരവും എല്ലാം കൊണ്ടും.
അതെ അയ്യാൾക്ക് പകരം അയ്യാൾ മാത്രമേ കാണൂ, റോജർ ഫെഡററിനപ്പുറം ഒന്നുമില്ലെന്ന് കരുതുന്നെവനു പോലും ബഹുമാനം മാത്രമെ അയ്യാളോട് തോന്നുകയുള്ളു. സത്യം പറഞ്ഞാൽ റാഫ എന്നേലും ജയിക്കണമെന്നാഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാവും ഒട്ടുമിക്ക സമയത്തേയും ഉത്തരം, കാരണം സ്വാർത്ഥത തന്നെയാണ്, അത്രത്തോളം ഇഷ്ടപ്പെട്ട് പോയി റോജർ ഫെഡററെ എന്ന സ്വാർത്ഥത. ഇന്നലെ നേരിട്ടുള്ള സെറ്റുകൾക്ക് ദോക്യോവിച്ച് വീണപ്പോൾ ഞെട്ടലായിരുന്നു, പക്ഷെ ഇന്ന് സങ്കടം മാത്രമേയുള്ളു, സങ്കടം മാത്രം.
സിലിച്ചിന്റെ സെമി ഫൈനൽ നേട്ടത്തെ ഒട്ടും കുറച്ച് കാണാതെ പ്രശംസിക്കുമ്പോൾ തന്നെ റാഫയെ പ്രശംസ കൊണ്ട് ചൊരിയാതെ വയ്യ. ഓരോ തവണ കരിയർ അവസാനിക്കും എന്ന് പറയുന്ന പരിക്കുകളിൽ നിന്ന് തിരിച്ച് വന്ന പോലെ ഇനിയും വരാൻ റാഫക്കാവട്ടെ എന്നാശിക്കുന്നു. ഒന്ന് പറഞ്ഞ് നിർത്താം ടെന്നീസിലെന്നല്ല ലോക കായിക ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാവില്ല നദാൽ പക്ഷെ ഒന്നുറപ്പാണ് ലോക കായിക ചരിത്രത്തിലെ എക്കാലത്തേയും മഹത്തായ പോരാളി അയ്യാൾ തന്നെയാണ്, ആ പോരാട്ടം ജീവിതത്തോടായാലും, പരിക്കിനോടായാലും, എതിരാളിയോടായാലും. തിരിച്ച് വരിക റാഫ, പൂർവ്വാതികം ശക്തിയോടെ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial