ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ചരിത്രനേട്ടവുമായി ആതിഥേയ താരങ്ങളായ ജോൺ പിയേഴ്സും ഒലീവിയ ഗഡെക്കിയും. റോഡ് ലാവർ അരീനയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഫ്രഞ്ച് സഖ്യമായ ക്രിസ്റ്റീന മ്ലാഡെനോവിച്ചിനെയും മാനുവൽ ഗ്വിനാർഡിനെയും പരാജയപ്പെടുത്തിയാണ് ഇവർ കിരീടം നിലനിർത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന ഓസീസ് സഖ്യം 4-6, 6-3, 10-8 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. സൂപ്പർ ടൈബ്രേക്കറിൽ 5-7 എന്ന നിലയിൽ പിന്നിലായിരുന്ന ശേഷമാണ് ഉജ്ജ്വലമായ പോരാട്ടത്തിലൂടെ ഇവർ കിരീടത്തിലേക്ക് എത്തിയത്.
കഴിഞ്ഞ 37 വർഷത്തിനിടെ ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം വിജയകരമായി പ്രതിരോധിക്കുന്ന ആദ്യ ജോഡിയായി ഇതോടെ പിയേഴ്സും ഗഡെക്കിയും മാറി. 1988-89 കാലഘട്ടത്തിൽ ജാന നോവോട്‌ന-ജിം പഗ് സഖ്യം നേടിയതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണിത്. കൂടാതെ, 62 വർഷങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ സഖ്യം എന്ന ബഹുമതിയും ഇവർ സ്വന്തമാക്കി. 1963-64-ൽ മാർഗരറ്റ് കോർട്ടും കെൻ ഫ്ലെച്ചറും ചേർന്നാണ് ഇതിനുമുൻപ് ഒരു ഓസീസ് സഖ്യമായി ഈ നേട്ടം കൈവരിച്ചത്.
ജോൺ പിയേഴ്സിന്റെ കരിയറിലെ മൂന്നാമത്തെ മിക്സഡ് ഡബിൾസ് ഗ്രാൻഡ്‌സ്ലാം കിരീടമാണിത്. ഒലീവിയ ഗഡെക്കിയെ സംബന്ധിച്ചിടത്തോളം തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്.









